ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമോ? നിര്‍ണായക ഘട്ടത്തിലെന്ന് മാര്‍ക്കോ റൂബിയോ
ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണായക വ്യാപാര കരാര്‍ ഉടന്‍ ഒപ്പുവെച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഒക്ടോബര്‍ 20-ന് അദ്ദേഹം ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചര്‍ച്ച നടത്തും. ആഗോള ഇന്ധന വിതരണത്തെ ബാധിക്കാതിരിക്കാന്‍ ഉപരോധങ്ങളില്‍ ഇളവ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണായക വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതിന് തൊട്ടടുത്തെത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഒക്ടോബര്‍ 20-ന് മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കവെയാണ് പ്രതികരണം. ഉസ്ബെക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്ന മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ത്യയുമായി വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് തങ്ങളെന്നും ഉടന്‍ തന്നെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ധന വിതരണവും ഉപരോധ ഇളവുകളും
ആഗോള ഇന്ധന വിതരണത്തെയും വിലയെയും ബാധിക്കാതിരിക്കാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ഉപരോധങ്ങളില്‍ യുഎസിന് ഇളവുകള്‍ നല്‍കേണ്ടി വന്നിട്ടുണ്ടെന്ന് മാര്‍ക്കോ റൂബിയോ ചൂണ്ടിക്കാട്ടി. യുഎസില്‍ വിലക്കയറ്റമുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. ഓരോ രാജ്യത്തിനും പരിഗണിക്കേണ്ട സങ്കീര്‍ണമായ പല ഘടകങ്ങളുമുണ്ട്. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഊര്‍ജ്ജസ്വയംപര്യാപ്തത കൈവരിക്കുക എന്നത് ചില രാജ്യങ്ങള്‍ക്ക് പ്രയാസകരമാണ്. വിദേശനയം രൂപീകരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ തമ്മില്‍ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ- ഉക്രെയ്ന്‍ യുദ്ധം യുഎസ് വിദേശനയത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് മാത്രമല്ല നയരൂപീകരണത്തെ നയിക്കുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധവും അവരുടെ ഊര്‍ജ്ജ ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഒറ്റ വിഷയം ഉയര്‍ത്തിക്കാട്ടി മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കാന്‍ കഴിയില്ലെന്നും മാര്‍ക്കോ റൂബിയോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും; രൂപയുടെ ഇടിവ് തിരിച്ചടി
നേരത്തെ, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ തന്നെ നടപ്പിലാകുമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും മികച്ച വ്യാപാര പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, യുഎസ്- ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ നിലവില്‍ ഒരു നിശ്ചിത തലത്തിലെത്തി നില്‍ക്കുകയാണെന്നും അതിനപ്പുറമുള്ള വിട്ടുവീഴ്ചകള്‍ എളുപ്പമല്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു.
