ടി20 ലോകകപ്പിനുശേഷം അവനെ തുടര്‍ച്ചയായി തഴയുന്നു’, റിങ്കു സിങ്ങിനെ അവഗണിക്കുന്നതില്‍ വിമര്‍ശനവുമായി ആകാശ് ചോപ്ര
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും റിങ്കുവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് നീതികേടാണെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ തുടര്‍ച്ചയായി അവഗണിക്കുന്നതിലും, വെറുമൊരു ‘വൈറ്റ് ബോള്‍’ കളിക്കാരനായി മാത്രം പരിഗണിക്കുന്നതിലും വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ ഒരു ഫോര്‍മാറ്റിലും റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്താതിരുന്ന പശ്ചാത്തലത്തിലാണ് ചോപ്ര സെലക്ടര്‍മാരുടെ നിലപാടിനെതിരെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും റിങ്കുവിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തത് നീതികേടാണെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ റിങ്കു ഇനി എത്ര റണ്‍സടിക്കണമെന്ന് ചോപ്ര ചോദിച്ചു. തന്റെ അവസാന ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് നാല് സെഞ്ചുറികള്‍ നേടിയ റിങ്കു, ഒരു മത്സരത്തില്‍ ടീം മുഴുവന്‍ പുറത്തായപ്പോഴും ഒറ്റയ്ക്ക് പോരാടി 118 റണ്‍സ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കുറഞ്ഞത് 50 ഇന്നിംഗ്‌സുകള്‍ കളിച്ചവരില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരങ്ങളുടെ പട്ടിക എടുത്താല്‍ സര്‍ ഡോണ്‍ ബ്രാഡ്മാനും സര്‍ഫറാസ് ഖാനും ഒപ്പം 61.33 ശരാശരിയോടെ റിങ്കു സിങ്ങുമുണ്ടെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ പോലും 2026 ടി20 ലോകകപ്പിന് ശേഷം റിങ്കുവിന് അര്‍ഹിച്ച അവസരങ്ങള്‍ ലഭിച്ചില്ലെന്നും ചോപ്ര വ്യക്തമാക്കി. ബാറ്റിംഗ് ഓര്‍ഡറില്‍ ഏത് പൊസിഷനില്‍ ഇറക്കിയാലും ടീമിനായി മികച്ച പ്രകടനം നടത്തുന്ന റിങ്കുവിനെ പെട്ടെന്ന് പുറത്താക്കി മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്നത് അന്യായമാണ്. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് മിഡില്‍ ഓര്‍ഡറില്‍ ഏതു നിമിഷവും ഒഴിവുകള്‍ വരാന്‍ സാധ്യതയുണ്ടെങ്കിലും ബാക്കപ്പ് ബാറ്ററായി റിങ്കുവിനെ പോലൊരു താരത്തെ സെലക്ടര്‍മാര്‍ ചിന്തിക്കുന്നു പോലുമില്ലെന്ന് ആകാശ് ചോപ്ര കുറ്റപ്പെടുത്തി.
നിലവില്‍ കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സായി സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് ശേഷം വരുന്നൊരു ബാക്കപ്പ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററെ വളര്‍ത്തിയെടുക്കാന്‍ മാനേജ്മെന്റ് ശ്രദ്ധിക്കുന്നില്ല. മുന്‍പ് സര്‍ഫറാസ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിപ്പിച്ചിരുന്നില്ല. ഉടന്‍ തന്നെ റിങ്കുവിനെ ടെസ്റ്റില്‍ കളിപ്പിക്കണം എന്നല്ല, മറിച്ച് ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളിലെങ്കിലും അവനെ ഉള്‍പ്പെടുത്തി റെഡ് ബോള്‍ ഫോര്‍മാറ്റിലേക്ക് പരിഗണിക്കണമെന്നും ആകാശ് ചോപ്ര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
