Advertisement

ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി, ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് നീളും; ഐപിഎല്ലിന് മുമ്പ് കളിക്കളത്തിലേക്ക് എത്തിയേക്കില്ല

By kcnchannel / October 21, 2026

മുംബൈ: ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക്. കാല്‍മുട്ടിലെ പേശിക്കേറ്റ ഗുരുതര പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതിനാല്‍ ഹാര്‍ദിക് അടുത്ത വര്‍ഷം നടക്കുന്ന ഐപിഎല്ലിന്മുമ്പ് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് 32-കാരനായ ഹാര്‍ദിക്. പ്രമുഖ കായിക വിദഗ്ദ്ധന്‍ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ മേല്‍നോട്ടത്തിലാണ് ഹാര്‍ദിക്കിന്റെ ചികിത്സ പുരോഗമിക്കുന്നത്.

മെഡിക്കല്‍ ടീമിന്റെ നിര്‍ദ്ദേശപ്രകാരം ഘട്ടം ഘട്ടമായുള്ള ഫിറ്റ്‌നസ് പ്ലാനിലൂടെ മാത്രമേ താരത്തിന് ബോളിങ് പുനരാരംഭിക്കാന്‍ സാധിക്കൂ. മൂന്ന് ആഴ്ചകള്‍ക്ക് ശേഷമേ ഹാര്‍ദിക്കിന് ഓടി തുടങ്ങാനാവൂ എന്നതിനാല്‍ ഹാര്‍ദിക് മത്സരസജ്ജനാകാന്‍ ഇനിയും മാസങ്ങള്‍ എടുത്തേക്കും.

ഇന്ത്യന്‍ ടീമിന് വലിയ നഷ്ടം

2026 മേയില്‍ നടന്ന ഐപിഎല്ലിലാണ് ഹാര്‍ദിക് പാണ്ഡ്യ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. മാര്‍ച്ച് 2026-ലെ ടി20 ലോകകപ്പ് ഫൈനലിലാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. പരിക്കിനെ തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസ് 2026, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് പരമ്പരകള്‍ ഉള്‍പ്പെടെ 2026-ല്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട പല വൈറ്റ് ബോള്‍ മത്സരങ്ങളും ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ശ്രീലങ്ക, സിംബാബ്വെ പരമ്പരകളിലും ഹാര്‍ദിക് കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യക്ക് മറ്റ് താരങ്ങളെ പരീക്ഷിക്കേണ്ടിവരും.