പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോലിന്റെ ശില്‍പ്പി വുമ്മിടി എതിരാജ് അന്തരിച്ചു; പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി
ചെന്നൈ: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ ശില്‍പ്പിയായ വുമ്മിടി എതിരാജ് (100) അന്തരിച്ചു. ഒക്ടോബര്‍ 21-നാണ് അദ്ദേഹം ചെന്നൈയില്‍ അന്തരിച്ചത്. തമിഴ്നാട്ടിലെ പ്രശസ്തമായ 125 വര്‍ഷം പഴക്കമുള്ള വുമ്മിടി ബംഗാരു ജ്വല്ലറി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് അദ്ദേഹം.
1947-ല്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി രൂപകല്‍പ്പന ചെയ്ത ചെങ്കോല്‍, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയിരുന്നു. വര്‍ഷങ്ങളോളം അലഹാബാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈ ചെങ്കോല്‍, 2023-ല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിലാണ് ലോക്‌സഭാ സ്പീക്കറുടെ ചേംബറിലേക്ക് മാറ്റിയത്. ഈ ചടങ്ങിനായി ദില്ലിയിലെത്തിയ വുമ്മിടി എതിരാജിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരില്‍ കണ്ട് ആദരിച്ചിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, തമിഴ്‌നാട് ഗവര്‍ണര്‍ അടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. വുമ്മിടി എതിരാജിന്റെ സംസ്‌കാരം ചെന്നൈ ബസന്ത് നഗറില്‍ നടന്നു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു
