സഖ്യസേനയ്ക്കെതിരെ ഹൂതികളുടെ കനത്ത ആക്രമണം; സൈനിക കേന്ദ്രം ആക്രമിച്ചു
പോരാട്ടം തുടരുന്ന യെമനില്‍ സഖ്യസേനയ്ക്കെതിരെ ഹൂതികളുടെ കനത്ത ആക്രമണം. ഏദനിലുള്ള സഖ്യസേനയുടെ സൈനിക കേന്ദ്രം ഹൂതികള്‍ ആക്രമിച്ചു. സൗദി സഖ്യസേനയുടെ ബദര്‍ ക്യാമ്പിലാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. ഏദന്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് മിസൈല്‍ ആക്രമണം നടന്ന സഖ്യസേനയുടെ സൈനിക കേന്ദ്രം. അതിനിടെ കിഴക്കന്‍ യമനിലെ റയാന് വിമാനത്താവളവും ഹൂതികള്‍ ആക്രമിച്ചു.
അതിനിടെ സൗദി അറേബ്യക്ക് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്നും അറബ് സഖ്യസേന വിജയകരമായി തടഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് എത്തിയ 5 സായുധ ഡ്രോണുകളാണ് വ്യോമസേന തകര്‍ത്തത്. മദീന, കിഴക്കന്‍ മേഖല എന്നിവിടങ്ങളിലേക്ക് വന്ന 4 ഡ്രോണുകള്‍ പുലര്‍ച്ചെ സഖ്യസേന തടഞ്ഞു. ഇതിന് പിന്നാലെ കിഴക്കന്‍ മേഖലയിലേക്ക് എത്തിയ മറ്റൊരു ഡ്രോണും വിജയകരമായി തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അറബ് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികിയാണ് വിവരങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം റിയാദിലേക്ക് ഹൂതികള്‍ ബാലസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു. ഈ മിസൈല്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ച ലോഞ്ചര്‍ സഖ്യസേന കണ്ടെത്തി തകര്‍ത്തു. റിയാദിലേക്ക് ആക്രമണം നടത്തിയ ലോഞ്ചര്‍ കൃത്യമായി പിന്തുടര്ന്നാണ് സഖ്യസേന നശിപ്പിച്ചത്. ലോഞ്ചര്‍ പിന്തുടര്ന്ന് തകര്‍ത്തതിന്റെ ദൃശ്യങ്ങളും അറബ് സഖ്യസേന പുറത്തുവിട്ടു. രാജ്യത്തിന് നേരെയുള്ള എല്ലാ ഭീഷണികളും വിജയകരമായി തടയുമെന്ന് സഖ്യസേന വ്യക്തമാക്കി.
