Advertisement

കാസര്‍കോട് നഗരസഭയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിന് തുടക്കമായി

By kcnchannel / October 21, 2026

കാസര്‍കോട്: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പും കാസര്‍കോട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം – നാലാം ഘട്ടം’ കാസര്‍കോട് നഗരസഭയില്‍ തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീന മുജീബ്, മെഹ്‌റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ എന്‍.എച്ച്, ആയിഷ സലാം, വെറ്ററിനറി സര്‍ജന്‍ ഡോ. മിധുന്‍ ജെ.എസ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിഹാബ് എം അലി, അറ്റെന്റന്റ് ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരിന്റെ ‘അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്‌സ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് അനിമല്‍ ഡിസീസസ്’ (ASCAD) പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം ഒക്ടോബര്‍ 27 വരെ നീണ്ടുനില്‍ക്കും.

മൂന്ന് മാസത്തിന് മുകളില്‍ പ്രായമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി അവയെ പേവിഷബാധയില്‍ നിന്നും സംരക്ഷിക്കണമെന്നും പ്രദേശവാസികള്‍ ഈ അവസരം പരമാവധി വിനിയോഗിച്ച് തങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെയ്പ്പ് ഉറപ്പാക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ത്ഥിച്ചു.