Advertisement

വിജിലന്‍സ് അന്വേഷണം തടഞ്ഞത് 10 ദിവസത്തേക്ക്: മാസപ്പടിക്കേസിലെ സുപ്രിംകോടതി വിധി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്

By kcnchannel / October 21, 2026

ഡല്‍ഹി: മാസപ്പടിക്കേസിലെ വിജിലന്‍സ് അന്വേഷണം തടഞ്ഞുള്ള സുപ്രിംകോടതി വിധി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. പത്ത് ദിവസത്തേക്കാണ് പിണറായി വിജയനെതിരായ വിജിലന്‍സ് അന്വേഷണം സുപ്രിംകോടതി സ്റ്റേ ചെയ്തത്. കേസില്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നെന്ന് സുപ്രധാന നിരീക്ഷണവും കോടതി നടത്തിയിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും മുമ്പ് ആരോപണവിധേയരുടെ ഭാഗം കേള്‍ക്കേണ്ടെന്ന ഇഡിയുടെ വാദം കോടതി തള്ളി.

പ്രതിഭാഗത്തെ കേള്‍ക്കാതെയുള്ള ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. എന്നാല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇഡി കേസിലും സുപ്രീംകോടതി ഇടപെട്ടില്ല. ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ച്ചി, വി മോഹന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തരവ് തിരിച്ചടിയല്ലെന്നാണ് ഇ.ഡിയുടെ നിലപാട്.

പിണറായി വിജയനെ ചോദ്യം ചെയ്യാനുള്ള സമന്‍സ് നിലനില്‍ക്കുമെന്നും ഹാജരായില്ലെങ്കില്‍ നിയമോപദേശം തേടി തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാണ് ഇ.ഡി തീരുമാനം. ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. മാസപ്പടിയിലെ രണ്ടാം ഘട്ട വിവാദം സിപിഐഎമ്മിന് കൂടുതല്‍ തലവേദനയുണ്ടാക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍. പക്ഷേ നടപടികള്‍ കോടതി കയറിയപ്പോള്‍ കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി പോര്. കേസില്‍ സുപ്രീം കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നാണ് വാദമെങ്കിലും കോണ്‍ഗ്രസിലുണ്ടാക്കാന്‍ പോകുന്ന തലവേദനകള്‍ ചെറുതാകില്ല. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്പീലുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നിലെത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നിലപാടെടുക്കുമെന്നതാണ് ഇനി ശ്രദ്ധേയം.