Advertisement

SMA മരുന്ന് വിവാദം: രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്

By kcnchannel / October 21, 2026


തിരുവനന്തപുരം: മരുന്നു പരീക്ഷണ വിവാദത്തിന് പിന്നാലെ എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്. ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതി നല്‍കിയ മരുന്നുകള്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയാണ് തിരികെ വിളിച്ചത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നുകള്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ ലേബലില്‍ മരുന്ന് നല്‍കിയത്. ഇത് അടിയന്തരമായി ആശുപത്രിയില്‍ തിരിച്ച് എത്തിക്കണം എന്നാണ് നിര്‍ദ്ദേശം.

അതേസമയം ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതാത്ത മരുന്നുകള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ നിര്‍മ്മിത എസ്എംഎ മരുന്ന് വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് മരുന്നുകള്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം. സ്‌പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് വിദേശനിര്‍മ്മിത മരുന്ന് ആയിരുന്നു നല്‍കിയിരുന്നത്. ഇതിന് 5 ലക്ഷത്തോളം രൂപ വില വരും. ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദഗ്ധസമിതിയെ രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടെ വിദേശനിര്‍മ്മിത മരുന്നിന് പകരം ഇന്ത്യയില്‍ നിന്നുള്ള മരുന്ന് രോഗബാധിതര്‍ക്ക് നല്‍കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

യുഡിഎഫ് അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞ് ജൂലൈ അഞ്ചാം തീയതി ഇന്ത്യന്‍ നിര്‍മ്മിത മരുന്നു വാങ്ങാനുള്ള കരാറില്‍ എത്തി. ഒക്ടോബര്‍ ആദ്യവാരത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിവരം പുറത്തുവന്നതോടെ പരാതികള്‍ പരിശോധിക്കുന്നതില്‍ സര്‍ക്കാറിന് മടിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഈ മാസം മുതല്‍ ആണ് ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ എസ് എം എ ബാധിതരായ കുട്ടികള്‍ക്ക് നല്‍കിത്തുടങ്ങിയത്. അത് തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.