ഹൂതികള്‍ക്കെതിരെ സൗദിയെ സംരക്ഷിക്കാന്‍ സേനയെ വിന്യസിച്ച് ഫ്രാന്‍സ്; പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി ഫ്രഞ്ച് പ്രസിഡന്റ്
റിയാദ്: ഹൂതികള്‍ക്കെതിരെ സൗദിയെ സംരക്ഷിക്കാന്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ഫ്രാന്‍സ്. സൗദിക്കായി രംഗത്തെത്തിയ യുകെക്ക് പുറമെ ഫ്രാന്‍സ് കൂടി പരസ്യ പിന്തുണ പ്രഖ്യാപിച്ചിക്കുകയും ചെയ്തു. ഇതിനിടെ, സൗദിക്ക് സൈനിക പിന്തുണ പ്രഖ്യാപിച്ച ഈജിപ്ത്, സൗദി കിരീടാവകാശിക്ക് രഹസ്യ സന്ദേശം കൈമാറി.
ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് ഹൂതികള്‍ക്കെതിരെ സൗദിക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പ്രതിരോധ രംഗത്ത് സൈനികരെയും സൈനിക സാമഗ്രികളും വിന്യസിച്ചിട്ടുണ്ട്. തുടര്‍ന്നും ഈ പിന്തുണയുണ്ടാകുമെന്നാണ് ഉറപ്പ്. ഫ്രാന്‍സില്‍ പ്രക്ഷോഭം കത്തിപ്പടരുമ്പോള്‍ ഗള്‍ഫില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും വിമാന ഇന്ധനവും തടസ്സമില്ലാതെ ലഭിക്കാനുള്ള വമ്പന്‍ കരാറുകളും പരിഹാരങ്ങളും കൂടി ലക്ഷ്യമിട്ടാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി മാക്രോണ്‍ കൂടിക്കാഴ്ച്ച നടത്തി.
ഗള്‍ഫ് പര്യടനത്തില്‍ ഒമാനൊഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാക്രോണ്‍ എത്തി. ഹൂതികള്‍ ആക്രമിച്ച സൗദിയുടെ കിഴക്കു – പടിഞ്ഞാറ് എണ്ണ പൈപ്പ് ലൈന്‍ പുന:സ്ഥാപിക്കുന്നതിലും ഫ്രാന്‍സ് പിന്തുണ വാഗ്ദാനം ചെയ്തു. അതിനിടെ, സൗദിക്ക് സൈനികമായി പിന്തുണ പ്രഖ്യാപിച്ച ഈജിപ്ത് ഇന്ന് ദൂതന്‍ വശം സൗദി കിരീടാവകാശിക്ക് ഒരു രഹസ്യ സന്ദേശം കൈമാറി. ഈജിപ്ത് പ്രസിഡന്റ് സൗദിയെ സൈനികമായി പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഈജിപ്ത് പാര്‍ലമെന്റ് ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല.
