ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയല്ലാതെ വേറെ വഴിയില്ല’, മുന്നറിയിപ്പുമായി നെതന്യാഹൂ; സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി മുജ്തബ ഖംനഇ
ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നതന്യാഹൂ
ടെഹ്‌റാന്‍: ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക മാത്രമാണ് രാജ്യത്തിന്റെ ആണവ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നതന്യാഹൂ. ബഹദ് 1 സൈനിക അക്കാദമിയില്‍ നടന്ന ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നതന്യാഹൂ ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖംനഇ തന്റെ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്ന് ആണവായുധ നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ടെന്ന് നതന്യാഹൂ ആരോപിച്ചു. ഈ ഭീഷണി പൂര്‍ണ്ണമായി ചെറുക്കുന്നതിന് ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള നടപടികള്‍ക്ക് ഇസ്രയേല്‍ പ്രതിരോധ സേനയ്ക്കും രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനും നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മേഖലയില്‍ യുദ്ധസാഹചര്യവും അമേരിക്കയുമായുള്ള സംഘര്‍ഷവും രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖംനഇ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി. നിലവിലെ സൈനിക, സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തിന്റെ സുരക്ഷാ പ്ലാനുകളും ഇരുവരും ചര്‍ച്ച ചെയ്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസും ഇസ്രയേലുമായി നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ക്കിടയില്‍, നയതന്ത്ര ചര്‍ച്ചകള്‍ക്കും അതേസമയം തന്നെ സ്വയം പ്രതിരോധത്തിനും രാജ്യം സജ്ജമാണെന്നാണ് ഇറാന്റെ നിലപാട്.
