Advertisement

കെട്ടിടമായി, അടിസ്ഥാന സൗകര്യമായില്ല:കുമ്പള മത്സ്യമാര്‍കറ്റ് എന്ന് തുറന്നു കൊടുക്കും

By kcnchannel / October 22, 2026

കുമ്പള.കുമ്പള നഗരത്തില്‍ പുതുക്കിപ്പണിത മത്സ്യമാര്‍ക്കറ്റ് ഇനിയും തുറന്നു കൊടുക്കാന്‍ നടപടിയായില്ല. അത്യാധുനിക സൗകര്യങ്ങളോടെ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മത്സ്യമാര്‍ക്കറ്റ് പുതുക്കിപ്പണിത ത്.കെട്ടിട നിര്‍മ്മാണത്തിന്റെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കാലതാമസം നേരിടുന്നതാണ് തുറന്നു കൊടുക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്.

കെട്ടിടം കുമ്പള ടൗണില്‍ നോക്കുകുത്തിയായി നില്‍ക്കുന്നു.മുന്‍വര്‍ഷം നിറയെ മാലിന്യങ്ങള്‍ കൂട്ടിയിട്ട നിലയിലുമാണ്. മലിന ജലവും ഒഴുകുന്നുണ്ട്.മത്സ്യ മാര്‍ക്കറ്റിലെ മലിനജലം ഒഴുക്കി വിടാനുള്ള ശാസ്ത്രീയമായ ഓവു ചാല്‍ സംവിധാനം ഇതുവരെ തയ്യാറായിട്ടില്ല. നിലവിലുള്ള ചെറിയ ഓവുചാല്‍ സംവിധാനം മത്സ്യമാര്‍ഗ്ഗത്തിന് അപര്യാപ്തമാണെന്ന് മത്സ്യ വില്പന തൊഴിലാളികള്‍ പറയുന്നു. ഇതില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധവും വമിക്കുന്നുണ്ട്.ഇത് തൊട്ടടുത്ത വ്യാപാരികള്‍ക്ക് ദുരിതവുമാവുന്നുണ്ട്. തൊഴിലാളികള്‍ക്കുള്ള ശുചിമുറി, ശുചീകരണത്തിനുള്ള ശുദ്ധജലം,വെളിച്ചം ഇതൊക്കെ പൂര്‍ണമായും ഒരുക്കിയാലേ കെട്ടിടം തുറന്നുകൊടുക്കാന്‍ കഴിയുകയുള്ളൂ.ഈ നടപടികളില്‍ കാലതാമസം നേരിടുന്നത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.

മത്സ്യ വില്പന തൊഴിലാളികള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലും,റോഡ് വക്കിലും മത്സ്യ വില്പന നടത്തുന്നത് പൊതുജനത്തിനും,വ്യാപാരികള്‍ക്കും പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മത്സ്യ മാര്‍ക്കറ്റ് അത്യാധുനിക സൗകര്യങ്ങളോടെ കാസറഗോഡ് വികസന പാക്കേജിലൂടെ 1.1കോടി രൂപാ ചിലവഴിച്ചാണ് പുതുക്കി പണിതത്.ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.നേരത്തെ ഉണ്ടായിരുന്ന മത്സ്യമാര്‍ക്കറ്റ് പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം പണിതത്. മത്സ്യം,ഇറച്ചി,പച്ചക്കറി വില്പനകള്‍ ഒരേ കുടക്കീഴില്‍ കൊണ്ടുവരാനുള്ള പദ്ധതിയായിരുന്നു ഇത്.എന്നാല്‍ നിലവിലെ കെട്ടിടം മത്സ്യത്തൊഴിലാളികള്‍ക്കു മുഴുവനായും മത്സ്യ വില്പന നടത്താന്‍ തികയില്ലെന്ന് മത്സ്യത്തന തൊഴിലാളികള്‍ പറയുന്നുണ്ട്. മത്സ്യമാര്‍ക്കറ്റ് തുറന്നു കൊടുക്കുന്നതില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പറയുന്നുണ്ട്. തടസ്സങ്ങള്‍ നീക്കി എത്രയും പെട്ടെന്ന് മാര്‍ക്കറ്റ് തുറന്നുകൊടുക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരും, വ്യാപാരികളും ആവശ്യപ്പെടുന്നത്.

ഫോട്ടോ:പൂര്‍ത്തിയായ മത്സ്യ മാര്‍ക്കറ്റ് കെട്ടിടം.താഴെ മാലിന്യ കൂമ്പാരം.