Advertisement

മാസപ്പടി കേസ്: പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല, കത്ത് നല്‍കി; സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി

By kcnchannel / October 22, 2026

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. സേവനം നല്‍കാതെ പിണറായിയുടെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്.
കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയില്‍ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പതിച്ച നോട്ടീസില്‍ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സേവനം നല്‍കാതെ പിണറായിയുടെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്.

പിണറായി വിജയന് സുപ്രീംകോടതിയില്‍ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകള്‍ വീണയ്ക്കും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. കേസില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് കേള്‍ക്കേണ്ടതായിരുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസുമായി വിജിലന്‍സിന് മുന്നോട്ട് പോകാമെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേള്‍ക്കാന്‍ നിര്‍ദേശിച്ചു.