രാഹുലിന്റെ വോട്ട് ചോരി വെറും ഷോ മാത്രം, 30 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ല’; ആഞ്ഞടിച്ച് അമിത് ഷാ
രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്ന് പറഞ്ഞ അമിത് ഷാ, കോണ്‍ഗ്രസ് 30 വര്‍ഷത്തേക്ക് അധികാരത്തില്‍ എത്തില്ലെന്നും പറഞ്ഞു.
ദില്ലി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുല്‍ വോട്ട് ചോരി ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയുമൊന്നും തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 30 വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ലെന്നും അമിത് ഷാ തുറന്നടിച്ചു. ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍കൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്നും പഞ്ചാബിലും ബിജെപി ഭരിക്കാന്‍ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു. ദില്ലിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വോട്ട് മോഷണ ആരോപണങ്ങള്‍ ഉന്നയിച്ച് നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകള്‍ സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ല. പ്രധാനമന്ത്രി മോദി അധികാരത്തില്‍ വരുന്നതിന് വളരെ മുമ്പ് തന്നെ ഈ അവസ്ഥ തുടങ്ങിയിട്ടുണ്ട്’- അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് കളിക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും അതുകൊണ്ട് 2030 വരെ തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. ‘നിങ്ങള്‍ കൊണ്ടുനടക്കുന്ന ഈ നെഗറ്റീവ് രാഷ്ട്രീയം കാരണം 2030 വരെ നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനാകില്ല. ജയിക്കുമ്പോള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതാണ്, എന്നാല്‍ തോല്‍ക്കുമ്പോള്‍ കമ്മീഷന് കുഴപ്പമായി. എന്റെ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, അടുത്ത 30 വര്‍ഷത്തേക്ക് നിങ്ങളുടെ ഊഴം വരില്ല’.
