Advertisement

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

By kcnchannel / October 22, 2026

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര സര്‍വീസിലെ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെ നേരത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വകുപ്പ് സെക്രട്ടറിയായ അനുപമയ്ക്കെതിരെയും സമാനമായ നടപടിയുണ്ടായിരിക്കുന്നത്.

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയും പുതിയ നിയമനങ്ങളും സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് പുതിയതായി മാറ്റിനിയമിച്ചിരിക്കുന്നത്. ഇതിനുപുറമേ ഗതാഗത വകുപ്പിലെ ഏവിയേഷന്‍, മെട്രോ, റെയില്‍വേ എന്നിവയുടെ മുഴുവന്‍ സമയ അധിക ചുമതലയും ഇവര്‍ തുടര്‍ന്നും വഹിക്കും.

ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലയ്ക്ക് പുറമേ ഏവിയേഷന്‍, മെട്രോ, റെയില്‍വേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പദവിയും അദ്ദേഹം വഹിക്കും. അതേസമയം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. ശര്‍മ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.