Advertisement

സിജെപി നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല; പുതുക്കിയ തീയതി പൊലീസ് നല്‍കും, നേഹയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി നാളെ

By kcnchannel / October 22, 2026

ദില്ലി: കര്‍ശന ജാമ്യ വ്യവസ്ഥയില്‍ ജയില്‍ മോചിതരായ സിജെപി നേതാക്കള്‍ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്ന് ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കള്‍ പൊലീസിനെ അറിയിച്ചു. പുതുക്കിയ തീയതി പൊലീസ് നല്‍കും. ബംഗ്ലാദേശുമായി ബന്ധപ്പെട്ടുള്ള വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നേഹ ബോറ രംഗത്തെത്തി. സമാധാന ഉടമ്പടിക്കെതിരായ നേഹയുടെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി നാളെ വിധി പറയും.

ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ ഏഴുദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെ രാത്രിയാണ് അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുന്നോട്ടുവെച്ചത് കര്‍ശന ഉപാധികള്‍ ആയിരുന്നു. പ്രതിഷേധ വിലക്കുള്ള ജന്തര്‍ മന്തിറില്‍ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കള്‍ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകര്‍ക്കില്ലെന്നും ഇരുവരും ഉറപ്പ് നല്‍കി. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസ് ലഭിച്ചത്. ജന്തര്‍ മന്തിര്‍ പ്രതിഷേധത്തില്‍ രണ്ടു കേസുകളാണ് ഇരുവര്‍ക്കുമെതിരെ ക്രൈം ബ്രാഞ്ച് എടുത്തത്. മറ്റൊരു ദിവസം ഹാജരാകാമെന്നാണ് അശുതോഷും സൗരവും അറിയിച്ചത്. നേതാക്കളെല്ലാം പുറത്തിറങ്ങിയെങ്കിലും തുടര്‍ സമരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ബംഗ്ലാദേശ് പരാമര്‍ശത്തില്‍ നേഹാ ബാറ വിശദീകരണവുമായി രംഗത്തെത്തി.

ബംഗ്ലാദേശിലെ പുരോഗമന വിദ്യാര്‍ത്ഥി സംഘടനയായ സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ പേഴ്‌സണല്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിക്കാന്‍ തയാറാക്കിയ വിഡിയോയിലെ പരാമര്‍ശമാണ് വിവാദമായത്. ബംഗ്ലാദേശിലെ ജെന്‍സി പ്രക്ഷോഭത്തില്‍ പുരോഗമന വിഭാഗം വഹിച്ച പങ്കാണ് തനിക്ക് പ്രചോദനമായതെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചതെന്നും നേഹ വിശദീകരിച്ചു. എന്നാല്‍, വീഡിയോയില്‍ നിന്ന് സോഷ്യലിസ്റ്റ് സ്റ്റുഡന്റ് ഫ്രണ്ടിന്റെ ലോഗോ വെട്ടിമാറ്റിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും ഇതോടെ പ്രസ്താവനയുടെ യഥാര്‍ഥ പശ്ചാത്തലം മറച്ചുവെക്കപ്പെട്ടെന്നും നേഹ ആരോപിച്ചു.

ബോറയുടെ ഹര്‍ജിയില്‍ നാളെ വിധി പറയും. നേഹയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. നോട്ടീസ് നിയമവിരുദ്ധമെന്ന് നേഹ വാദിച്ചു. ദേശീയ പതാക ഉയര്‍ത്താന്‍ ആരുടേയും അനുമതി ആവശ്യമില്ലെന്ന് നേഹ കോടതിയില്‍ പറഞ്ഞു. നേഹയ്ക്ക് നോട്ടീസ് നല്‍കിയത് നടപടികള്‍ പാലിച്ചെന്നായിരുന്നു പൊലീസിന്റെ വാദം.