ടൈഗര്‍ ഷ്‌റോഫ് വധശ്രമകേസ്: പ്രതികള്‍ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്; രണ്ട് പേര്‍ കൂടി അറസ്റ്റിലായി
മുംബൈ: ടൈഗര്‍ ഷ്‌റോഫ് വധശ്രമകേസ് പ്രതികള്‍ പല ബോളിവുഡ് താരങ്ങളെയും ലക്ഷ്യമിട്ടതായി പൊലീസ്. മുംബൈയിലെ താരങ്ങളുടെ വീടുകളില്‍ പ്രതികള്‍ നിരീക്ഷണം നടത്തിയതായി കണ്ടെത്തി. അക്രമികള്‍ക്ക് തോക്ക് എത്തിച്ചു നല്‍കിയ യുവതികള്‍ ഉള്‍പ്പടെ നാലുപേരെ കസ്റ്റഡിയില്‍ വിട്ടു. ഇതിനിടെ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ടെത്തിയ അക്രമികള്‍ മറ്റ് ആറ് ബോളിവുഡ് താരങ്ങളെയും നിരീക്ഷിച്ചതായാണ് വിവരം. വൈ പ്ലസ് കാറ്റഗറി സുരക്ഷയുളള സല്‍മാനെ ആക്രമിക്കാന്‍ സാധിക്കില്ലെന്നുറപ്പായതോടെ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരുടെ വീടുകളിലുമെത്തി. പൊതുമധ്യത്തില്‍ ഇടയ്ക്കിടെയെത്തുന്ന സുരക്ഷ കുറവുളള ടൈഗര്‍ ഷ്‌റോഫിനെ തെരഞ്ഞെടുത്തതങ്ങനെയെന്നാണ് മൊഴി. ഇതിനിടെ അമൃത്സറില്‍ നിന്ന് തോക്ക് എത്തിച്ചു നല്‍കിയ ജതിന്‍, മുംബൈയില്‍ അക്രമികളോടൊപ്പമുണ്ടായിരുന്ന സമീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 10 ആയി.
മുംബൈയിലേക്ക് തോക്ക് എത്തിച്ചു കൊടുത്ത യുവതികളെയും യുവാക്കളെയും 5 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. യുവതികളില്‍ ഒരാള്‍ക്ക് മാത്രമാണ് ആക്രമണത്തെ കുറിച്ച് വിവരമുണ്ടായിരുന്നത്. ഉത്തര്‍പ്രദേശ് സ്വദേശി ബബിതയെ ക്ഷേത്രദര്‍ശനമെന്ന പേരില്‍ രാധ മുംബൈയിലേക്ക് ഒപ്പം കൂട്ടുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതികള്‍ അക്രമിസംഘവുമായി അടുത്തതെന്നാണ് കണ്ടെത്തല്‍. നേരത്തെ മുംബൈയില്‍ എത്തിയ അക്രമിസംഘം പൊലീസ് നിരീക്ഷണം ഒഴിവാക്കാന്‍ താമസസ്ഥലം പലതവണ മാറ്റിയിരുന്നു. ഇതിനിടെ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.
