മദീന മേഖലയിലേക്കും റിയാദിലേക്കും ഹൂതികളുടെ ആക്രമണം; നാലു ഡ്രോണുകള്‍ തകര്‍ത്തു
റിയാദ്: വിശുദ്ധ നഗരമായ മദീന മേഖലയിലേക്കും സൗദി തലസ്ഥാനമായ റിയാദിലേക്കും വീണ്ടും ഹൂതി ആക്രമണം. നാല് ഡ്രോണുകള്‍ തകര്‍ത്തതായി സൗദി സേന അറിയിച്ചു. ദമ്മാം വിമാനത്താവളത്തിലേക്കും അരാംകോയുടെ ശൈബ എണ്ണപ്പാടത്തേക്കും നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. പത്ത് പേര്‍ക്ക് പരിക്കേറ്റു. സൗദിയില്‍ കുടുങ്ങിയ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരെ തിരികെയെത്തിക്കാന്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ആക്രമിക്കില്ലെന്നതാണ് ഹൂതി നിലപാട്. എന്നാല്‍ ഇന്നലെയും ഇന്നും ആക്രമണമുണ്ടായി. റിയാദിലേക്കും മദീനയിലേക്കുമായി നാല് ഡ്രോണുകളെത്തി. ഇവ തകര്‍ത്തു. കഴിഞ്ഞ ദിവസത്തെ ആക്രമണം തങ്ങളുടേതല്ലെന്നാണ് ഹൂതികള്‍ വിശദീകരിച്ചത്. എന്നാല്‍ റിയാദില്‍ സൗദിയുടെ പ്രതിരോധ മന്ത്രാലയം ആക്രമിച്ചെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. അബഹ വിമാനത്താവളം ആക്രമിച്ചെന്ന് അവകാശപ്പെട്ടതിനൊപ്പം ദമാം വിമാനത്താവളവും ആരാംകോ റിഫൈനറിയും ആക്രമിച്ചത് ഹൂത്തികള്‍ സ്ഥിരീകരിക്കുകയും ചെയ്തു. തങ്ങള്‍ക്ക് നേരെ സൗദി നടത്തിയ ആക്രമണങ്ങളില്‍ മൊത്തം മരണം 562 ആയി എന്ന് ഹൂതികള്‍ പറഞ്ഞു.
യമന്‍ തീരത്ത് പതിനാല് ഇന്ത്യക്കാരുള്ള ഒരു നൗക ആക്രമിക്കപ്പെട്ടെന്ന് ഹൂതികള്‍ ആരോപിച്ചിട്ടുണ്ട്. ഇതില്‍ സ്ഥിരീകരണം ഇല്ല. ദമാം വിമാനത്താവളത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. എട്ട് പേര്‍ക്ക് പരിക്കേറ്റു. അല്‍ ഷൈബ എണ്ണപ്പാടത്ത് മരിച്ച രണ്ടു പേരും പ്രവാസികളായ വിദേശ പൗരന്മാരാണ്. പരിക്കേറ്റവരില്‍ ഇന്ത്യക്കാരനുണ്ട്. അതേസമയം , വിമാനത്താവളങ്ങള്‍ ആക്രമിക്കപ്പെടുന്നകത് പതിവായതോടെ ഉംറ തീര്‍ത്ഥാടകരുടെ ഉള്‍പ്പടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളെ അപലപിച്ചു. കഴിഞ്ഞ ആഴ്ച്ചകലില് 13,000ത്തിലധികം തീര്‍ത്ഥാടകര്‍ തിരികെ മടങ്ങിയെത്തി എന്നും എല്ലാ പിന്തുണയും നല്‍കിയെന്നും മന്ത്രാലയം അറിയിച്ചു.
