Advertisement

സമാധാന നൊബേല്‍ മാത്രമല്ല, അര്‍ഹതപ്പെട്ട മറ്റൊരു പുരസ്‌കാരം കൂടി തനിക്ക് നിഷേധിക്കപ്പെട്ടെന്ന് ട്രംപ്

By kcnchannel / October 22, 2026

വാഷിങ്ടണ്‍: നൊബേല്‍ സമാധാന പുരസ്‌കാരം ലഭിക്കാത്തതില്‍ അമര്‍ഷമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മറ്റൊരു പ്രശസ്ത ബഹുമതിയായ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. സൗത്ത് കരോലിനയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് നൊബേല്‍ പുരസ്‌കാരവും പുലിറ്റ്‌സര്‍ പുരസ്‌കാരവും നിഷേധിക്കപ്പെട്ടതിന്റെ അമര്‍ഷം ട്രംപ് പങ്കുവച്ചത്. പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ മാധ്യമപ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു.

‘എനിക്ക് നൊബേല്‍ സമ്മാനം ലഭിച്ചില്ല, പുലിറ്റ്‌സര്‍ സമ്മാനവും ലഭിച്ചില്ല. എഴുത്തിന് എനിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു’ എന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തനം, സാഹിത്യം, നാടകം, സംഗീതം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ക്കാണ് പുലിറ്റ്‌സര്‍ സമ്മാനം നല്‍കുന്നത്. ഇതില്‍ ഏത് മേഖലയിലാണ് ട്രംപിന്റെ മികവെന്ന് വ്യക്തമല്ല.

‘പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ച ആളുകള്‍ക്ക് അത് ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നില്ല, നിങ്ങള്‍ക്കറിയാമോ? റഷ്യ, റഷ്യ, റഷ്യ എന്ന വിഷയത്തിലെ അവരുടെ കൃത്യവും അത്ഭുതകരവുമായ എഴുത്തിനാണ് അവര്‍ക്ക് പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചത്. എന്നാല്‍ അവര്‍ക്ക് തെറ്റിപ്പോയി, എല്ലാവര്‍ക്കും തെറ്റിപ്പോയി’ എന്നാണ് ട്രംപ് പരിഹസിച്ചത്. വീണ്ടും പ്രസിഡന്റായ ശേഷം മരുന്നുകളുടെ വില കുറയ്ക്കാന്‍ നടത്തിയ ശ്രമങ്ങളും കുറ്റകൃത്യങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത് പോലെയുള്ള ലക്ഷ്യങ്ങളും അദ്ദേഹം ഓരോന്നായി വിശദീകരിച്ചു.

തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് തന്നെ, 1987-ല്‍ ട്രംപ് തന്റെ പേരില്‍ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ‘ദി ആര്‍ട്ട് ഓഫ് ദി ഡീല്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. ബിസിനസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലായി ഇരുപതോളം പുസ്തകങ്ങള്‍ ട്രംപിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.