Advertisement

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്: 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By kcnchannel / October 24, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്. 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തെക്കന്‍ കേരളത്തിലും, മധ്യകേരളത്തിലും മഴ ശക്തമാകും. അടുത്ത മൂന്ന് മണിക്കൂറില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വടക്കന്‍ കേരളത്തില്‍ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി. ഇടിമിന്നലില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.