എം ആര്‍ അജിത്കുമാറിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി; സസ്‌പെന്‍ഷനിലായിട്ട് മൂന്നു മാസം പൂര്‍ത്തിയായി
തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവായി. സസ്‌പെന്‍ഷനിലായിട്ട് മൂന്നു മാസം പൂര്‍ത്തിയായി. വിശദീകരണം ലഭിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ കഴിഞ്ഞ ജൂലൈയിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (CAT) നേരത്തെ തള്ളിയിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രക്കിടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലവിലെ എംഎല്‍എ എ.ഡി.തോമസിനെയടക്കം മര്‍ദിച്ചു എന്നായിരുന്നു കേസ്. ഇത് അട്ടിമറിക്കാന്‍ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിയായ അജിത്കുമാര്‍ ഇടപെട്ടു എന്ന പരാതി ഉയര്‍ന്നിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ്പി എ.പി.ഷൗക്കത്തലിയെ അന്വേഷണ ഉദ്യോഗസ്ഥനായി എസ്‌ഐടി രൂപീകരിച്ചു.തുടര്‍ന്ന്, ഷൗക്കത്തലി മേധാവിയായ എസ്ഐടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതില്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടുവെന്ന വിവരങ്ങളുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
