Advertisement

‘അര്‍ണബ്’ ചുഴലിക്കാറ്റ് കര തൊട്ടത് 125 കി.മീ. വേഗത്തില്‍; ആന്ധ്രയിലും ഒഡീഷയിലും അതിശക്തമായ കാറ്റും കനത്ത മഴയും, 72 ട്രെയിനുകള്‍ റദ്ദാക്കി

By kcnchannel / October 28, 2026

വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്. വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. 125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്.
വിശാഖപട്ടണം: അര്‍ണബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് ഗോദാവരി ജില്ലയിലെ നരസ്പൂറിന് സമീപമാണ് ചുഴലിക്കാറ്റ് കര തൊട്ടത്. വിശാഖപട്ടണത്തും കാക്കിനടയിലും അതിശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. 125 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അടുത്ത നാല് മണിക്കൂര്‍ കൂടി കാറ്റ് ഇതേ വേഗതയില്‍ തുടരും. നിരവധി മരങ്ങള്‍ കടപുഴകി വീണു. ബോട്ടുകള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റ് കരതൊടുന്ന സമയത്ത് കാറ്റിന്റെ വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ എത്താമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ വേലിയേറ്റനിരപ്പിനേക്കാള്‍ ഒന്നര മുതല്‍ രണ്ടര മീറ്റര്‍ വരെ കടല്‍വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കി. തീരദേശത്തുനിന്ന് ആയിരക്കണക്കിനാളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുന്‍കരുതലിന്റെ ഭാഗമായി ട്രെയിന്‍, വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, അര്‍ണബ് കര തൊടുന്നതിന് മുന്നോടിയായി ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.52 രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പില്ല.

മുന്നൊരുക്കങ്ങളുമായി ഒഡീഷ സര്‍ക്കാര്‍
അര്‍ണബ് ചുഴലിക്കാറ്റിനെ നേരിടാന്‍ ശക്തമായ മുന്നൊരുക്കങ്ങളുമായി ഒഡീഷ സര്‍ക്കാര്‍. 26 ട്രെയിന്‍ സര്‍വീസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. നിരവധി ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്. ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി ഒഡീഷയില്‍ 16 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇതുവരെ വിവിധ ജില്ലകളില്‍ നിന്നായി 48000 പേരെ മാറ്റി പാര്‍പ്പിച്ചു. 1700 ലധികം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉടനീളം തയ്യാറാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പല ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 29 -ാം തിയതി വരെ ഒഡീഷ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.