കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു
മംഗളൂരു: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി മംഗളൂരു യെനെപൊയ യൂനിവേഴ്സിറ്റി. വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ- മാനവിക മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തും കഴിഞ്ഞ 60 വര്‍ഷമായി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് യൂണിവേഴ്സിറ്റി ഡി ലിറ്റ് നല്‍കി ആദരിച്ചത്. യേനപ്പോയ 16ാമത് ബിരുദദാന ചടങ്ങിന്റെ ഭാഗമായി ളൂരു ദേരളക്കട്ടയിലുള്ള യെനെപോയ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ചാന്‍സിലര്‍ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി എന്ന നിലയിലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ നേതാവെന്ന നിലയിലും എണ്ണമറ്റ ആളുകളെ പ്രചോദിപ്പിക്കുകയും വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, സമാധാനം, ഐക്യം, രാഷ്ട്ര നിര്‍മാണം തുടങ്ങിയ മേഖലകളില്‍ നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്ത കാന്തപുരത്തെ ആദരിക്കുന്നത് യെനെപോയ യൂനിവേഴ്സിറ്റി ഏറെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് ചാന്‍സിലര്‍ ഡോ. യെനെപോയ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു. വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിലും ഉത്തരവാദിത്തവും അനുകമ്പയും സാമൂഹിക ബോധവുമുള്ള പൗരന്മാരെ വളര്‍ത്തിയെടുക്കുന്നതിലും കാന്തപുരം നിര്‍വഹിച്ച സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ഡോക്റേറ്റ് സമ്മാനിച്ച് അദ്ദേഹം പറഞ്ഞു.
മനുഷ്യനെ സംസ്‌കരിക്കുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യാന്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന ഇസ്ലാമിക ആശയത്തില്‍ നിന്നാണ് പഠനശേഷം വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തിയതെന്നും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലാണ് മര്‍കസ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചതെന്നും ഡോക്ടറേറ്റ് സ്വീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കെ എസ് ഗംഗാധര സൗമ്യാജി, രജിസ്ട്രാര്‍ ഡോ. അശ്വിനി ദത്ത്, പ്രോചാന്‍സിലര്‍മാരായ ഡോ. വിജയകുമാര്‍, ഡോ. മുഹമ്മദ് ഫര്‍ഹാദ് യെനെപോയ, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഡോ. ബി ടി നന്ദിഷ്, ഇസ്ലാമിക് അക്കാദമി ഓഫ് എഡ്യുക്കേഷന്‍ ട്രസ്റ്റി ഡോ. ഹബീബ് റഹ്‌മാന്‍, ജാമിഅ മര്‍കസ് പ്രോചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
ബിരുദദാന ചടങ്ങില്‍ 6,127 വിദ്യാര്‍ഥികള്‍ക്ക് ബിരുദം നല്‍കി. ബിരുദം നേടിയ വിദ്യാര്‍ഥികളില്‍ 11 സ്വര്‍ണ മെഡല്‍ ജേതാക്കള്‍, പി എച്ച് ഡി പണ്ഡിതര്‍, ഡെന്റല്‍, മെഡിക്കല്‍, നഴ്സിംഗ്, ഫിസിയോതെറാപ്പി, ഫാര്‍മസി, അനുബന്ധ ആരോഗ്യ ശാസ്ത്രങ്ങള്‍, ആയുര്‍വേദം, ഹോമിയോപ്പതി, ശാസ്ത്രം, കലയും സാമൂഹിക ശാസ്ത്രവും, കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ്, പ്രകൃതിചികിത്സ, യോഗ ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എന്നിവരും ഉള്‍പ്പെടുന്നു.
