Advertisement

ബസ് ചാര്‍ജ് വര്‍ധനവിലും വിദ്യാര്‍ത്ഥി കണ്‍സെഷനിലും തീരുമാനമായില്ല, മന്ത്രി സി പി ജോണുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം സമരം പിന്‍വലിച്ച് സ്വകാര്യ ബസ് ഉടമകള്‍

By kcnchannel / October 30, 2026

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിന്‍വലിച്ച് ഉടമകള്‍. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്. സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി വെറ്റ് ലീസില്‍ എടുക്കാനും, പത്മകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമായനുസൃതമായി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. ബസ് ചാര്‍ജ് വര്‍ധനവ് സംബന്ധിച്ചും, വിദ്യാര്‍ത്ഥി കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ചും നിലവില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും മന്ത്രി ബസ് ഉടമകളെ അറിയിച്ചു.

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രിയദര്‍ശിനി സര്‍വീസുകള്‍ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെമ്പര്‍ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയര്‍മാന്‍. കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിപി പ്രദീപ്കുമാര്‍, നാറ്റ്പാക്ക് ടെക്‌നിക്കല്‍ ഓഫീസര്‍ സഞ്ജയ് ആര്‍ ജെ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സിവിഎം ഷെരീഫ് കണ്‍വീനറുമായതാണ് സമിതി. ആറ് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.