ഓപ്പറേഷന്‍ തൂഫാനെതിരെ നിലപാടെടുത്താല്‍ ആ ഉദ്യോഗസ്ഥന്‍ സര്‍വീസിലുണ്ടാകില്ല; രമേശ് ചെന്നിത്തല
ഹരിപ്പാട്: ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ ഓപ്പറേഷന്‍ തൂഫാനെതിരെ നിലപാടെടുത്താല്‍ ആ വ്യക്തി സര്‍വീസിലുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാന്‍ കേരളാ സര്‍ക്കാരിന്റെ ഏറ്റവും സുപ്രധാനമായ പദ്ധതിയാണ്. 99 ശതമാനം പൊലീസുകാരും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളരെ ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. വന്‍തോതിലുള്ള ജനപിന്തുണ പദ്ധതിക്കുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സംസ്ഥാന ആഭ്യന്തരവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ഹരിപ്പാട് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന തൂഫാന്‍ 2.0 തദ്ദേശം ഹരിപ്പാട് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കഴിച്ച് കുട്ടികള്‍ മസ്തിഷ്‌കം ഇല്ലാതായി ജീവിതം തകര്‍ന്നുപോകുന്ന അന്തരീക്ഷമുണ്ടാകാന്‍ പാടില്ലെന്നുകണ്ടാണ് പദ്ധതി തയ്യാറാക്കിയത്. പൊലീസ് സേനയിലെ ആരെങ്കിലും കൃത്രിമം കാണിച്ചാല്‍ അവര്‍ക്ക് രക്ഷയില്ലെന്നാണ് കൊച്ചി സംഭവം തെളിയിക്കുന്നത്. തൊണ്ടിമുതല്‍ അടിച്ചുമാറ്റിയിട്ടുണ്ടെങ്കില്‍ അവരൊന്നും സര്‍വീസിലുണ്ടാവില്ല. നടപടി ശക്തമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തേയും പുതിയ തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിക്കാനാണ് ഓപ്പറേഷന്‍ തൂഫാന്‍. അതിനെ പരാജയപ്പെടുത്താന്‍ വേണ്ടി ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍ ശ്രമിച്ചാല്‍ നടപടിയുണ്ടാകും. ലഹരിയുടെ വേരറുക്കും വരെ ഓപ്പറേഷന്‍ തൂഫാന്‍ അതിശക്തമായി തുടരും. തദ്ദേശവകുപ്പുകൂടി ചേര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്‍ നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ചേരാനല്ലൂര്‍ സംഭവത്തില്‍ നടപടിയെടുക്കേണ്ടവരുടെ പേരില്‍ എ.ഡി.ജി.പി.യോട് റിപ്പോര്‍ട്ട് വാങ്ങി നടപടിയെടുത്തു. സ്ഥലംമാറ്റമെന്നത് ശിക്ഷയല്ല. അത് സ്വാഭാവികപ്രക്രിയ മാത്രമാണ്. ശിക്ഷാനടപടിയുടെ ഭാഗമാണ് സ്ഥലംമാറ്റമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പാര്‍ട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദനില്‍ നിന്നും ജനങ്ങള്‍ കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം കാലിക്കറ്റ് സര്‍വകലാശാല സി.എസ്.യു. തിരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ എം.വി. ഗോവിന്ദന്റെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് അടിയുണ്ടാകുന്നത് പുതിയ കാര്യമല്ല. അത് എവിടെയുമുണ്ടാകാവുന്നതാണ്. ആരടിച്ചാലും അടികൊണ്ടാലും നിയമപരമായ നടപടിയുണ്ടാകും. പാര്‍ട്ടി സെക്രട്ടറിയായ എം.വി. ഗോവിന്ദന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ശരിയാണോ? കുട്ടികള്‍ തമ്മില്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയതിന് അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോയെന്ന് ജനങ്ങള്‍ ചിന്തിക്കട്ടെയെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
