പരീക്ഷാ ക്രമക്കേട്: പി എസ് സി അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി പിടിയില്‍
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പി എസ് സി അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി പിടിയില്‍. എറണാകുളത്ത് നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കേസില്‍ ആദ്യ അറസ്റ്റിന് പിന്നാലെ ഹരി ഒളിവില്‍ പോയിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷ മൂല്യനിര്‍ണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടാമത്തെ ആളായിരുന്നു ആര്‍ ഹരി. ഇയാള്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. നേരത്തെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിലായിരുന്നു.
എഴുത്ത് പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയ ഉദ്യോ?ഗാര്‍ഥിയെ ഒന്നാം റാങ്കിലെത്തിക്കാനായിട്ട് മൂല്യനിര്‍ണയത്തില്‍ അട്ടിമറി നടത്തിയത് ആര്‍ ഹരി അടക്കമുള്ളവരാണെന്നാണ് കണ്ടെത്തല്‍. മൂല്യനിര്‍ണയം നടത്തിയപ്പോള്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഒഴിവാക്കിയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. പിന്നാലെയാണ് പി സതീഷ്, ആര്‍ ഹരി എന്നിവരെ പ്രതി ചേര്‍ത്തത്. പി സതീഷ് കഴിഞ്ഞവര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ചയാളാണ്. ആര്‍ ഹരി ഇപ്പോഴും സര്‍വീസില്‍ തുടരുന്നായാളാണ്. പി സതീഷിനെ വൈകാതെ കസ്റ്റഡിയില്‍ വാങ്ങും.
വിഷയത്തില്‍ കേസെടുത്തതിന് പിന്നാലെ ആര്‍ ഹരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സതീഷിന്റെ വിരമിക്കല്‍ ആനുകൂല്യം തടയുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരുന്നു. കേസില്‍ പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍ ബൈജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതുവരെ മൂന്ന് അംഗങ്ങളെയാണ് ചോദ്യം ചെയ്തത്. മുഴുവന്‍ അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം
