ഹോര്‍മുസ് കടലിടുക്കില്‍ 27 ഇന്ത്യക്കാരുമായി പോയ എണ്ണക്കപ്പലിനു നേരെ ആക്രമണം; രണ്ട് ലിമ്പറ്റ് മൈനുകള്‍ ഒട്ടിച്ച് സ്‌ഫോടനം, എഞ്ചിന്‍ റൂമിന് തീപിടിച്ചു
ഹോര്‍മുസ് കടലിടുക്കില്‍ പ്രവേശിച്ച എണ്ണക്കപ്പലിന്റെ അടിഭാഗത്ത് ചെറിയ ബോട്ടിലെത്തിയ സംഘം രണ്ട് ലിമ്പറ്റ് മൈനുകള്‍ ഒട്ടിച്ചുവയ്ക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടിക്കുകയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിലയ്ക്കുകയും ചെയ്തു.
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം. 27 ഇന്ത്യന്‍ ജീവനക്കാരുമായി പോയ ‘എംടി ലൂയിസ് 1’ എന്ന പനാമ ക്രൂഡ് ഓയില്‍ ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 27 ഇന്ത്യന്‍ നാവികരും പൂര്‍ണ്ണ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഹോര്‍മുസില്‍ പ്രവേശിച്ച എണ്ണക്കപ്പലിന്റെ അടിഭാഗത്ത് ചെറിയ ബോട്ടിലെത്തിയ സംഘം രണ്ട് ലിമ്പറ്റ് മൈനുകള്‍ ഒട്ടിച്ചുവയ്ക്കുകയായിരുന്നു.
സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീപിടിക്കുകയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിലയ്ക്കുകയും ചെയ്തു. ജീവനക്കാര്‍ ഉടന്‍ തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കടലില്‍ എണ്ണച്ചോര്‍ച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടില്ലെന്നും കപ്പല്‍ യാത്ര തുടര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒമാന്റെ ഖസബില്‍ നിന്ന് 46 കിലോമീറ്റര്‍ വടക്കുകിഴക്കായിട്ടാണ് കപ്പലിന് നേരെ ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജന്‍സിയായ യുകെഎംടിഒ വ്യക്തമാക്കി. ഫെബ്രുവരിയില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഈ തന്ത്രപ്രധാനമായ കടല്‍പ്പാതയില്‍ ആദ്യമായാണ് ലിംപറ്റ് മൈനുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യന്‍ പൗരന്മാരുമായി സഞ്ചരിച്ച ലൈബീരിയന്‍ പതാക ഘടിപ്പിച്ച ‘എംടി അര്‍സാന’ എന്ന ക്രൂഡ് ഓയില്‍ കപ്പലിന് നേരെയും പ്രൊജക്ടൈല്‍ ആക്രമണം ഉണ്ടായിരുന്നു. ആക്രമണം നടന്ന രണ്ട് കപ്പലുകളിലുമായി ഉള്ള 29 ഇന്ത്യന്‍ നാവികരും പൂര്‍ണ്ണ സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കേന്ദ്ര തുറമുഖ, കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ സോണോവാള്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
