ബേക്കല്‍ :പരമ്പരാഗത, വംശീയ ഭക്ഷണത്തിന്റെയും കലാരൂപങ്ങളുടെയും മികച്ച പ്രദര്‍ശനം വാഗ്ദാനം ചെയ്യുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍ഗോഡ് സംഘടിപ്പിക്കുന്ന ”ഭക്ഷ്യ-സാംസ്‌കാരിക പ്രദര്‍ശനം – മിനി സരസ് മേള 2025” ഡിസംബര്‍ 20 മുതല്‍ 31 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടക്കും .മിനി സരസ് മേളയുടെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം ഇന്ന് ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു നിര്‍വഹിക്കും.
ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള നിരവധി യൂണിറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. ജില്ലയിലെ 6000 ഓളം സൂക്ഷ്മ സംരംഭകരുടെ സ്റ്റാളുകള്‍ ഉള്‍പ്പെടെ കുടുംബശ്രീ യൂണിറ്റുകളുടെ പൂര്‍ണ്ണ സാന്നിധ്യമുണ്ടാകും. ജില്ലയുടെ പൈതൃകവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന കരകൗശല വസ്തുക്കള്‍, കലാരൂപങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ മിനി സരസ് മേളയില്‍ വില്‍പ്പനയ്ക്കുണ്ടാകും. വില്‍പ്പന സ്റ്റാളുകള്‍ക്ക് പുറമെ, വിവിധ ഭക്ഷണവിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി ഭക്ഷണ സ്റ്റാളുകളും തുറന്നിരിക്കും.
തലശ്ശേരി ദം ബിരിയാണി, കിഴി ബിരിയാണി, ആന്ധ്ര ക്ഷത്രീയ ബിരിയാണി, ഹൈദരാബാദ് ബിരിയാണി തുടങ്ങി വിവിധ ബിരിയാണികളും വ്യത്യസ്ത തരം ദോശ വിഭവങ്ങളും ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങളുമായാണ് കുടുംബശ്രീ മിനി സരസ് മേളയിലെ ഭക്ഷ്യ മേളയില്‍ ഒരുക്കുന്നത്. കചോരി, ദാല്‍ ബാട്ടി ചുറുക, വിവിധ തരം റൊട്ടികള്‍, മൊമോസ്, കോഴിക്കോട് നോമ്പ് തുറ വിഭവങ്ങള്‍ എന്നിങ്ങനെ വിവിധ തരം പലഹാരങ്ങളും ഫുഡ് കോര്‍ട്ടിലുണ്ട്.
ജില്ലയ്ക്ക് അകത്തും പുറത്ത് നിന്നും ഉള്ള രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് മിനി സരസ് മേള. ലൈവ് കിച്ചണുകളിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഒരേ സമയം 250 അധികം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്.8000 ചതുരശ്ര അടി വിസ്തൃതിയിലാണ് മിനി സരസ് മേള സജ്ജീകരിക്കുന്നത്.
പന്തല്‍ കാല്‍ നാട്ട് ചടങ്ങില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി ഹരിദാസ് , സി എച്ച് ഇക്ബാല്‍, കെ എം കിഷോര്‍ കുമാര്‍, സി എം സൗദ എന്നിവര്‍ പങ്കെടുക്കും.
സരസ് മേളയുടെ ഭാഗമായി ഡിസംബര്‍ 23 ന് രാവിലെ 10.30 ന് ജില്ലയിലെ ബാങ്ക് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബാങ്കേഴ്‌സ് മീറ്റിംഗ്, ഡിസംബര്‍ 27 ന് വൈകുന്നേരം 3.30 ന് 4000 കുടുംബശ്രീയംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ”നവകേരള നിര്‍മ്മിതിയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പങ്ക്”എന്ന വിഷയത്തില്‍ സംസ്ഥാന തല സെമിനാര്‍ എന്നിവ നടക്കും. കുടുംബശ്രീ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും വിവിധ ദിവസങ്ങളിലായി അരങ്ങേറും.




