കാസർകോട്: കാലങ്ങൾ കഴിഞ്ഞാലും ബഷീറിൻ്റെ കൃതികൾ വായിക്കപ്പെടുന്നത് അവ മനുഷ്യകഥാനുഗായികകളായത് കൊണ്ടാണെന്ന് തനിമ കലാ സാഹിത്യ വേദി ‘ഇമ്മിണി ബല്യ ബഷീർ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്.
മുതിർന്ന പത്രപ്രവർത്തകൻ റഹ്മാൻ തായലങ്ങാടി ഞാൻ അറിഞ്ഞ ബഷീർ എന്ന വിഷയം അവതരിപ്പിച്ചു.
കേരളം പ്രകൃതി ദുരന്തത്തിൻ്റെ കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ ദിവസം പരിസ്ഥിതി സൗഹൃദ കഥകൾ എഴുതിയിരുന്ന , പ്രകൃതിയെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന, ഓരോ ജന്തു ജീവജാലങ്ങളെയും സഹജീവിയായി പരിഗണിച്ച് പരിലാളിച്ചിരുന്ന ഒരു മഹാ സാഹിത്യകാരൻ ജീവിച്ചിരുന്നു എന്ന് കാലം നിരന്തരം ഓർമ്മിപ്പിക്കുന്നു വെന്ന് അദ്ദേഹം തന്റെ ബഷീർ അനുഭവങ്ങൾ പങ്കുവെച്ചൂ കൊണ്ട് പറഞ്ഞു.
ഇമ്മിണി ബല്യ ബഷീർ എന്ന പരിപാടിയുടെ ഈ ശീർഷകം എന്നെ ഏറെ ആകർഷിച്ച ഒന്നാണ് .
റൂമിയിലേക്കും സൂഫികളിലേക്കും ചെന്നുചേരുന്ന മിസ്റ്റിക് ചിന്തകൾ അടങ്ങിയ വലിയൊരു കാഴ്ചപ്പാടാണ് ആ പ്രയോഗം കാഴ്ചവെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു
തുടർന്ന് ഞാൻ വായിച്ച ബഷീർ എന്ന വിഷയത്തിൽ കെ.വി.മണികണ്ഠൻ മാഷും നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിദുരന്തത്തെയും ബഷീറിലെ പ്രകൃതിസ്നേഹിയെയും ഓർമ്മിപ്പിച്ചുകൊണ്ട് തന്നെയാണ് തുടങ്ങിയത്
ബഷീറും ബഷീറിൻ്റെ കഥകളും കഥാ പരിസരങ്ങളും കഥാപാത്രങ്ങളും എല്ലാം ഓരോ വ്യത്യസ്തമായ ഫിലോസഫികളാണ് എന്ന് അദ്ദേഹം നിരവധി കഥാസന്ദർഭങ്ങൾ വിശദീകരിച്ചുകൊണ്ട് ജില്ല പഞ്ചായത്ത് ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിനോട് വിവരിച്ചു.
ഡോക്ടർ എ എ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു.
എ.എസ്. മുഹമ്മദ് കുഞ്ഞി സ്വാഗതവും അഷ്റഫ് അലി ചേരങ്കൈ നന്ദിയും പറഞ്ഞു.