മഞ്ഞില്‍ കുളിക്കാന്‍ ഊട്ടിയിലെ തലകുന്തയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഊട്ടി: ഊട്ടിയിലെ തലകുന്ത ഇപ്പോള്‍ ശൈത്യകാലത്തെ ഉല്ലാസകേന്ദ്രമായി മാറുന്നു. ഊട്ടിയില്‍നിന്ന് എട്ടുകിലോമീറ്റര്‍ അകലെ ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയോട് ചേര്‍ന്ന ചതുപ്പുനിലമുള്ള പ്രദേശമാണ് തലകുന്ത. ഊട്ടിയിലെ ഏറ്റവും വിസ്തൃതിയുള്ള സമതല പ്രദേശം. അതുകൊണ്ടുതന്നെ ഇവിടെ മഞ്ഞുവീഴ്ചയുടെ കാഠിന്യം കൂടുതലാണ്.
പത്തുദിവസമായി ഊട്ടിയില്‍ അതിശൈത്യം തുടരുകയാണ്. മൂന്നുദിവസംമുന്‍പ് കുറഞ്ഞ താപനില മൈനസ് ഒന്നുവരെ ആയിരുന്നു. തലകുന്തയില്‍ പൂജ്യത്തില്‍ത്താഴെയാണ് കഴിഞ്ഞദിവസങ്ങളില്‍
രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. മഞ്ഞുവീഴ്ചയും കുളിരും ആസ്വദിക്കാനാണ് കഴിഞ്ഞവര്‍ഷങ്ങളേക്കാള്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ റീലുകള്‍ വൈറലായതോടെ സഞ്ചാരികള്‍ പ്രവഹിക്കയാണ്. രാത്രി ഊട്ടിയില്‍ മുറിയെടുത്ത് താമസിച്ച് പുലര്‍ച്ചെ പ്രകൃതിയൊരുക്കിയ ഈ വിസ്മയക്കാഴ്ച
കാണാനെത്തും.ഉദയത്തോടെ സൂര്യപ്രകാശമേറ്റ് മഞ്ഞുരുകുന്നതും ബാഷ്പീകരിച്ചുപോകുന്നതുമൊക്ക ക്കണ്ട് ആസ്വദിക്കാനാണ് സഞ്ചാരികളെത്തുന്നത്.അധികം ശ്രദ്ധിക്കപ്പെടാതെപോയ തലകുന്തയിപ്പോള്‍ സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയിരിക്കയാണ്. അതിരാവിലെ നൂറുകണക്കിന് വാഹനങ്ങള്‍ റോഡരികില്‍ സ്ഥാനംപിടിച്ചത് കാണാം. അതിനിടെ അതിശൈത്യത്തിന്റെ പിടിയിലാണ് ഊട്ടി. ഞായറാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനില പൂജ്യത്തിനും താഴെ രേഖപ്പെടുത്തി.

Scroll to Top