ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം: റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു, കടുത്ത നിയന്ത്രണങ്ങള്‍

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം. വായു ഗുണനിലവാര സൂചിക വളരെ മോശം ആയി തുടരുന്നു. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കനത്ത മൂടല്‍മഞ്ഞില്‍ റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗം വിളിച്ചു.

വായു ഗുണനിലവാര സൂചിക ഇന്ന് രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയത് 377. ഇന്നലെ ഉച്ചയ്ക്ക് ശേഷം 400 കടന്നിരുന്നു. ഡല്‍ഹി നരേലയില്‍ 400 ആയി തുടരുന്നു. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇരുപത്തഞ്ചിലധികം ട്രെയിന്‍ സര്‍വീസുകളാണ് തടസപ്പെട്ടത്. കടുത്ത നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടും സ്ഥിതി രൂക്ഷമായി തുടരുകയാണ്.

GRAP 4 പ്രകാരമാണ് നിയന്ത്രണങ്ങള്‍. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി രേഖ ഗുപ്ത അടിയന്തര യോഗ വിളിച്ചുചേര്‍ത്തു. മന്ത്രിയും പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷം കടുത്ത എതിര്‍പ്പുന്നയിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ അടക്കം പുറപ്പെടുവിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം . ദൃശ്യപരിധി കുറഞ്ഞതിനാല്‍ വ്യോമ ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും വിമാനങ്ങളുടെ അവസ്ഥ യാത്രക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .

വരുന്ന ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കുറഞ്ഞ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിനും പതിനൊന്ന് ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കുകയാണ്. ശ്രീനഗറില്‍ നിന്നുള്ള 15 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ജമ്മുവില്‍ നിന്നുള്ള 8 വിമാന സര്‍വീസുകളും ഉണ്ടാകില്ല. അതിരാവിലെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പുലര്‍ത്തണം എന്നുമാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Scroll to Top