ഇത് ഐറ്റം വേറെയാണ്.. കണ്ണൂര്‍ കോക്ടൈയിലുമായി ‘ലക്ഷ്യ’യുണ്ട്മിനി സരസ്സ് മേളയില്‍

ബേക്കല്‍ :കുടുംബശ്രീ കാസര്‍ഗോഡ് ജില്ലാ മിഷന്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മിനി സരസ്മേളയിലെ ഫുട്കോര്‍ട്ടില്‍ എത്തുന്നവര്‍ക്ക് മധുരം നിറഞ്ഞ ജ്യൂസ് പെരുമയുടെ കണ്ണൂര്‍ കോക് ടെയില്‍ നല്‍കി മനം കവരുകയാണ് കുടുംബശ്രീ ലക്ഷ്യ ഫ്രൂട്ട്‌സ് ആന്‍ഡ് ജ്യൂസ് കോര്‍ണര്‍.

കുടുംബശ്രീയുടെ കീഴില്‍ രൂപീകരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അംഗങ്ങളുടെ സംരംഭമാണിത്.
2017 ലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പത്ത് പേര് ചേര്‍ന്ന് ലക്ഷ്യ അയല്‍ക്കൂട്ടം രൂപീകരിക്കുന്നത്. പിന്നീട് കുടുംബശ്രീ മുന്‍കൈയ്യെടുത്ത്ലക്ഷ്യ എന്ന പേരില്‍ സൂക്ഷ്മ സംരംഭം രൂപീകരിക്കുകയായിരുന്നു.

കാക്കനാട് കലക്ടറേറ്റ് വളപ്പിലുള്ള ലക്ഷ്യ ഫ്രൂട്ട്‌സ് ആന്‍ഡ് ജ്യൂസ് കോര്‍ണറിന്റെ സാരഥികളായ അമൃത, മരിയ,മീനാക്ഷി, സുനിത എന്നിവരാണ് കുടുംബശ്രീ ഫുഡ് കോര്‍ട്ടിലെ ഒന്നാം നമ്പര്‍ സ്റ്റാളില്‍ ജ്യൂസുകളുടെ വെറൈറ്റികള്‍ നല്‍കുന്നത് . മില്‍ക് സര്‍ബത്ത് ,തണ്ണിമത്തന്‍, മുന്തിരി,കാരറ്റ്, നെല്ലിക്ക, പപ്പായ പൈനാപ്പിള്‍, മാംഗോ, ഷമാമം തുടങ്ങിയ ജ്യൂസുകളും പ്രകൃതിദത്തമായ രുചികളിലുള്ള സോഡകള്‍ എന്നിവയുമാണ് ഇവരുടെ ജ്യൂസ് സ്റ്റാളില്‍ ലഭിക്കുന്ന ഹിറ്റ് ഐറ്റ ങ്ങള്‍.

എറണാകുളം നോര്‍ത്ത് ട്രാന്‍സ് ജെന്‍ഡര്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമായ ഇവര്‍ സരസ് മേളയിലെ സ്ഥിരം സാന്നിധ്യമാണ്.
10 പേര് അടങ്ങുന്ന ഇവരുടെ അയല്‍ക്കൂട്ടം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രാദേശിക ജില്ലാതല മേളകളില്‍ ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. തങ്ങളുടെ സംരംഭങ്ങളെ വിവിധ മേളകളില്‍ പങ്കെടുക്കാന്‍ നിരന്തരം പ്രോത്സാഹിപ്പിച്ച് യൂണിറ്റുകള്‍ക്ക് സരസ് മേളകള്‍ പോലുള്ള
പ്രധാന വിപണി തുറന്ന് കൊടുക്കുകയും ചെയ്യുന്നത് കുടുംബശ്രീഎറണാകുളം ജില്ലാ മിഷന്‍ ആണ് . കമ്മ്യൂണിറ്റിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് ലക്ഷ്യ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമായ അമൃത പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തി മുന്നേറുന്ന കുടുംബശ്രീയുടെ മിനി സരസ്‌മേള ഡിസംബര്‍ 31 ന് കഴിയുന്നതോടെ അടുത്ത മേളയ്ക്ക് ഉള്ള കാത്തിരിപ്പിലാണ് ഇവര്‍.

Scroll to Top