ബേക്കല്‍ : കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണി വ്യാപിപ്പിക്കാനും സംരംഭകരെയും വിതരണ ഏജന്‍സികളെയും ഒരേ വേദിയില്‍ കൊണ്ടുവരാനുമായി കാസറഗോഡ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല ബി ടു ബി (ബിസിനസ് ടു ബിസിനസ് ) മീറ്റ് സംഘടിപ്പിച്ചു . ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടന്ന ബിസിനസ് മീറ്റ് പള്ളിക്കര സി ഡി എസ് ചെയര്‍ പേഴ്‌സന്‍ കെ സുമതി ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ഇന്ന് സാമൂഹിക ശാക്തീകരണ പദ്ധതിയെന്നതിലുപരി ശക്തമായ ഒരു ബിസിനസ് പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങള്‍ സംസ്ഥാനത്തിലും ദേശിയ തലത്തിലും മാത്രമല്ല, അന്തര്‍ദേശീയതല വിപണികളിലേക്കും കടക്കാനുള്ള സാധ്യതകള്‍ കുടുംബശ്രീ മുഖേന തുറക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ്
കുടുംബശ്രീ മുഖേന പ്രവര്‍ത്തിക്കുന്ന ചെറുകിട സംരംഭങ്ങളെ വലിയ വിപണിയുമായി ബന്ധിപ്പിക്കുക, സ്ഥിരമായ മാര്‍ക്കറ്റിംഗ് ശൃംഖല സൃഷ്ടിക്കുക, സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കും വരുമാന വര്‍ധനയ്ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി ടു ബി മീറ്റ് സംഘടിപ്പിച്ചത്.
മീറ്റിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനമേളയും സംഘടിപ്പിച്ചു. 35ഓളം കുടുംബശ്രീ സംരംഭകരും 12ഓളം ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളും മീറ്റില്‍ പങ്കെടുത്തു.
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഏജന്‍സികള്‍ വഴി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങളും അതുവഴി സംരംഭകര്‍ക്ക് ഉണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഭൂരിഭാഗം ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളും താല്‍പര്യം പ്രകടിപ്പിച്ചു. കൂടാതെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, പാക്കേജിംഗ് എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും ആവശ്യമായ മാറ്റങ്ങളെയും കുറിച്ച് നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു.
ഇത്തരം മീറ്റുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുന്നത് വരുമാനം വര്‍ധിപ്പിക്കാനും ഭാവി സുരക്ഷിതമാക്കാനും സഹായകരമാകുമെന്ന് സംരംഭകര്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ വച്ച് മൈക്രോ എന്റര്‍പ്രൈസ് ,വിവിധ സ്‌കില്‍ പരിശീലനങ്ങള്‍ ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു
ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജിതിന്‍ കെ. ടി, ആതിര ടി. പി, ഷീബ എം, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരായ ജ്യോതിഷ് എ,നിമിഷ കെ, അനില പി കെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സച്ചിന്‍ രാജ് എം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.




