ഇശല്‍ ഗ്രാമത്തിന് വീണ്ടും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി:നാട് ആഹ്ലാദത്തില്‍,എങ്ങും വി പി അബ്ദുല്‍ ഖാദര്‍ ഹാജിക്ക് സ്വീകരണം.

മൊഗ്രാല്‍.നാലര പതിറ്റാണ്ടുകള്‍ക്ക് ശേഷം മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തില്‍ നിന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് തലമുതിര്‍ന്ന മുസ്ലീംലീഗ് നേതാവ് വി പി അബ്ദുല്‍ഖാദര്‍ ഹാജി നിയമിതനായതിലുള്ള സന്തോഷത്തിലും, ആഹ്ലാദത്തിലുമാണ് നാട്ടുകാര്‍.ഇന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തും.27ന് വി പി അബ്ദുല്‍ ഖാദര്‍ ഹാജി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതല ഏല്‍ക്കും.

മര്‍ഹും:എം സി അബ്ദുല്‍ഖാദര്‍ ഹാജിക്ക് ശേഷം നാലര പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഇശല്‍ ഗ്രാമത്തിന് വീണ്ടും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ലഭിക്കുന്നത്.1965 മുതല്‍ 80 വരെയുള്ള കാലഘട്ടത്തിലാണ് മര്‍ഹും:എംസി അബ്ദുല്‍ ഖാദര്‍ ഹാജി പ്രസിഡണ്ട് പദവി അലങ്കരിച്ചത്. വൈകിയാണെങ്കിലും വീണ്ടും പ്രസിഡണ്ട് പദവി വി പി യിലൂടെ ലഭിച്ചതിലുള്ള സന്തോഷവും, ആഹ്ലാദവും പങ്കുവെക്കുകയാണ് നാട്ടുകാര്‍.വിവിധ സന്നദ്ധ സംഘടനകളൊക്കെ അനുമോദനം അറിയിക്കാനും, സ്വീകരണം നല്‍കാനുമുള്ള തിരക്കിലാണ്.

ഇന്നലെ രാത്രി വിവരം ലഭിച്ച ഉടനെ മൊഗ്രാല്‍ റെഡ് സ്റ്റാര്‍ അംഗങ്ങള്‍ വി പി അബ്ദുല്‍ഖാദര്‍ ഹാജിയുടെ വീട്ടിലെത്തി അനുമോദനം അറിയിച്ചു.ബി കെ സത്താര്‍ ഷാള്‍ അണിയിച്ചു.അര്‍ഷാദ് മൊഗ്രാല്‍,അബ്ബാസ് നട്പ്പളം,അസീസ് ടൈലര്‍,കാദര്‍ സി എച്ച് എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ:കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി നിയമിതനായ വി പി അബ്ദുല്‍ ഖാദര്‍ ഹാജിയെ റെഡ് സ്റ്റാര്‍ മൊഗ്രാല്‍ അംഗങ്ങള്‍ ഷാള്‍ അണിയിച്ച് അനുമോദിക്കുന്നു.

Scroll to Top