കാസര്‍ഗോഡ് :കുടുംബശ്രീ ബാലസഭാംഗങ്ങളായ കുട്ടികള്‍ക്ക് ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന ബാലപാര്‍ലമെന്റില്‍ സ്പീകര്‍ ആയത് ചെറുവത്തൂര്‍ കണ്ണംകുളം സാന്ത്വനം ബാലസഭയിലെ കെ ചന്ദന. ചെറുവത്തൂര്‍ കണ്ണംകുളത്തെ ചന്ദ്രന്‍-സുജിത ദാമ്പത്തികളുടെ മകളായ ചന്ദന കുട്ടമ്മത്ത് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
ഓരോ സിഡിഎസിലുമുളള ബാലപഞ്ചായത്തുകളില്‍ നിന്നും പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നല്‍കിയ ശേഷമാണ് കുട്ടികളെ ജില്ലാതല ബാലപാര്‍ലമെന്റില്‍ പങ്കെടുപ്പിക്കുച്ചത്.
42 സിഡിഎസുകളിലെ 22979 ബാലസഭ കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 84 പേരാണ് ജില്ലാതലത്തില്‍ പങ്കെടുത്തത്. ഇവരില്‍ നിന്ന് 11 പേരെ സസ്ഥാന ബാല പാര്‍ലിമെന്റിലേക്ക് ലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ജില്ലാതല ബാലപാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 330 കുട്ടികളാണ് സസ്ഥാന ബാല പാര്‍ലിമെന്റില്‍ പങ്കെടുത്തത്. 29ന് നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്ത ഇവരില്‍ നിന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍, ആറ് വകുപ്പ് മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് മാര്‍ഷല്‍, എഡിസി എന്നിവരെ തെരഞ്ഞെടുത്തു. സ്പീക്കര്‍ ആയി കെ ചന്ദനയെ തിരഞ്ഞെടുത്തത് ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണ്.
30 ന് രാവിലെ 11.30ന് പഴയ നിയമസഭാ മന്ദിരത്തില്‍ നടന്ന സംസ്ഥാനതല ബാലപാര്‍ലമെന്റില്‍ ചന്ദന സ്പീകരുടെ പദവി അലങ്കരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെയും മുന്‍വര്‍ഷത്തെയും ഉള്‍പ്പെടെ രണ്ട് ബാലപാര്‍ലമെന്റുകളാണ് നടന്നത്.
കുട്ടികള്‍ അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങള്‍, പ്രാദേശിക വികസനം എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെട്ടു.




