ചെറുവത്തൂര്‍ : കാലിക്കടവ് ചെറുവത്തൂര്‍ ബി.ആര്‍.സി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചന്തേര ഓട്ടിസം സെന്ററില്‍, കിടപ്പിലായ കുട്ടികളുടെ മനസ്സുകളിലേക്ക് സന്തോഷത്തിന്റെ പുതുവത്സരപ്രകാശം പകര്‍ന്നുകൊണ്ട് ഹൃദയസ്പര്‍ശിയായ ആഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് അവരുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പങ്കുവെക്കാനും, ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗാത്മക കഴിവുകള്‍ പുറത്തുകൊണ്ടുവരാനും വേദിയൊരുക്കിയ ചടങ്ങ് ഏറെ ശ്രദ്ധേയമായി.
പുതുവത്സരാഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനു എം നിര്‍വഹിച്ചു. ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹം ഒരുമിച്ച് മുന്നേറണമെന്ന് ആഹ്വാനം ചെയ്തു.
സെന്റര്‍ പി.ടി.എ പ്രസിഡന്റ് എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന്‍ കപോതന്‍ ശ്രീധരന്‍ നമ്പൂതിരി മുഖ്യാതിഥിയായി ചടങ്ങിന് തിളക്കം കൂട്ടി. ചന്തേര യു.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. സന്തോഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ സി.എച്ച്. സന്തോഷ്, സ്‌കൂള്‍ വികസന സമിതി വൈസ് ചെയര്‍മാന്‍ വി.വി. നാരായണന്‍, രജനി പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പയ്യനൂര്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഭാഗമായി, ഓട്ടിസം സെന്ററിലേക്ക് ആവശ്യമായ സ്‌പോര്‍ട്‌സ് കിറ്റ് കോളേജ് ലക്ചറര്‍ ഡോ. മഞ്ജു ആര്‍. നാഥ് കൈമാറി. തുടര്‍ന്ന് സംഗീത അധ്യാപിക പി. സനിഷയുടെയും നാടന്‍പാട്ട് കലാകാരന്മാരായ പ്രവീണ്‍ പാങ്ങോട്, യു.വി. സജീഷ്, പി. കീര്‍ത്തി എന്നിവരുടെയും നേതൃത്വത്തില്‍ നാടന്‍ കലാമേള അരങ്ങേറിയത് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു.
ചടങ്ങില്‍ ബി.പി.സി ,വി.വി. സുബ്രഹ്‌മണ്യന്‍ സ്വാഗതവും ട്രെയിനര്‍ പി. രാജഗോപാലന്‍ നന്ദിയും അറിയിച്ചു.
പുഞ്ചിരികളുടെയും* *പ്രതീക്ഷകളുടെയും പുതുവത്സരം: ചന്തേര ഓട്ടിസം സെന്ററില്‍ ആഘോഷങ്ങളുടെ നിറവസന്തം




