പൊതുപരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ; കുമ്പള സ്‌കൂളില്‍ ‘വിജയപഥം 2026’ കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു

?പൊതുപരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ; കുമ്പള സ്‌കൂളില്‍ ‘വിജയപഥം 2026’ കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
?കുമ്പള: വരാനിരിക്കുന്ന പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോള്‍ കേരളയുടെ (SCOLE-Kerala) ആഭിമുഖ്യത്തില്‍ സവിശേഷമായ കൗണ്‍സിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. ‘പൊതുപരീക്ഷയ്ക്ക് ഒരുങ്ങാം – വിജയപദം 2026’ എന്ന പേരില്‍ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
?ഇന്ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രവി മുല്ലച്ചേരി ഉദ്ഘാടനം ചെയ്തു. പരീക്ഷാഹാളിലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും പഠനകാര്യങ്ങള്‍ ചിട്ടപ്പെടുത്താനും ഇത്തരം ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
?കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മൊയ്തീന്‍ അസീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത കൗണ്‍സിലര്‍ പ്രൊഫസര്‍ നീന ക്ലാസിന് നേതൃത്വം നല്‍കി. പരീക്ഷയെ പേടിയോടെയല്ല, മറിച്ച് ആത്മവിശ്വാസത്തോടെ നേരിടാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കി.
?സ്‌കോള്‍ കേരള കോഡിനേറ്റര്‍ സീന സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ രമേശ് ഭട്ട്, മുന്‍ കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.എന്‍ മുഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങില്‍ റസാക്ക് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
?വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദുരീകരിക്കാനും തുടര്‍പഠന സാധ്യതകളെക്കുറിച്ച് അവബോധം നല്‍കാനും ഈ സെഷന്‍ ഏറെ സഹായകമായി.

Scroll to Top