സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ‘റേഡിയോ നെല്ലിക്ക” എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരുക്കിയ ഇന്റര്‍നെറ്റ് റേഡിയോയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രശസ്ത മജീഷ്യനും ബാലാവകാശ കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ അധ്യക്ഷനായി.
പുല്ലൂര്‍ പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത, സൗണ്ട് പാര്‍ക്ക് അക്കാദമി സിഇഒയും റേഡിയോ നെല്ലിക്കയുടെ അവതാരകനുമായ ബാലകൃഷ്ണന്‍ പെരിയ, ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ. കെ സജീവന്‍, വൈസ് പ്രിന്‍സിപ്പല്‍ രവി കുമാര്‍, എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു. ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ പിടിസി കോഡിനേറ്റര്‍ മാരായ ടി എം സുബ്രഹ്‌മണ്യന്‍, കെ നാരായണന്‍ കാവുങ്കല്‍, ഐ പി ശ്രീരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കാസര്‍കോട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആരംഭിക്കുന്ന റോഡ് ഷോ സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ജനുവരി 30ന് തിരുവനന്തപുരത്ത് സമാപിക്കും.
ബാലസൗഹൃദം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന വ്യാപക പ്രചാരണ-ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് റേഡിയോ നെല്ലിക്ക (Radio Nellikka) ആരംഭിക്കുന്നത്. കുട്ടികള്‍ക്കിടയിലെ മാനസിക സംഘര്‍ഷങ്ങള്‍ ലഹരി സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍,ആത്മഹത്യ പ്രവണത, സോഷ്യല്‍ മീഡിയ അഡിക്ഷന്‍ തുടങ്ങിയവ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികള്‍ അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ പൊതുസമൂഹം എന്നിവര്‍ക്കിടയില്‍ ബാലനീതി, പോക്‌സോ, സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശം എന്നിവ സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനും റേഡിയോ ലക്ഷ്യമിടുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ബി മോഹന്‍ കുമാര്‍ സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക് നന്ദിയും പറഞ്ഞു.




