പഴമയുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതി കളമെഴുത്തില്‍ പ്രതിഫലിച്ചത് ജീവസ്സുറ്റ ദേവീദേവഭാവങ്ങള്‍
കാഞ്ഞങ്ങാട്
ശ്രീ മഡിയന്‍ കൂലോം പാട്ടുത്സവത്തില്‍ പാരമ്പര്യവും പഴമയുടെ പ്രൗഡിയും വിളിച്ചോതി കളമെഴുത്ത് ചടങ്ങ്. പാട്ടുത്സവ ഒന്നും രണ്ടും ദിനത്തില്‍ പ്രതിഫലിച്ചത് ജീവസ്സുറ്റ ദേവീ ദേവഭാവങ്ങളാണ്.
വെറും അഞ്ചക്ഷരത്തില്‍ ഒതുങ്ങുന്നതല്ല കളമെഴുത്ത് .അരിപ്പൊടി കളറില്‍ മുക്കിയുള്ള ഒരഭ്യാസവുമല്ലത്. കണിയൊരുക്കുന്ന പോലെ കളമെഴു ത്തുകാരന്‍ കൈവിരലുകളാല്‍ തീര്‍ക്കുന്ന ഒരു ഇന്ദ്രജാലമാണത്. പരുക്കനായ തറ കാന്‍വാസാക്കി കലാകാരന്‍ കളമെഴുതുമ്പോള്‍ അത് വെറും കളമല്ലാതാകുന്നത് ഒരുപാട് കാരണങ്ങള്‍ കൊണ്ടാണ്.
അനുഷ്ഠാന സമ്പുഷ്ടമാണ് കളമെഴുത്ത് . കളത്തിലേക്ക് ഭാവങ്ങള്‍ ആവാഹിക്കപ്പെടുന്നത് ഭക്തിയുടെയും ഏകാഗ്രതയുടെയും അകമ്പടിയോടെയാണ്. കണ്‍മുന്നില്‍ കളം മായ്ച്ചാലും കണ്ടവരുടെ മനസ്സില്‍ മായാതെ നില്‍ക്കണമെങ്കില്‍ അത് പൂര്‍ണ്ണതയ്ക്കായി കലാകാരന്‍ എടുക്കുന്ന പരിശ്രമം ഏറെയാണ്.
അഞ്ച് ദിനങ്ങളിലായുള്ള പാട്ടുത്സവത്തില്‍ നാല് ദിവസങ്ങളിലാണ് കളമെഴുത്തും പാട്ടും നടക്കുന്നത്. ഉത്സവനാളുകളില്‍ ക്ഷേത്ര നാലമ്പലത്തിനകത്ത് കാളരാത്രി അമ്മയുടെ നടയോട് ചേര്‍ന്ന് മഡിയന്‍ കുറുപ്പ് കുടുംബം തയ്യാറാക്കുന്ന ദാരിക രൂപത്തിന് മുന്നില്‍ കാളരാത്രി അമ്മക്ക് അഭിമുഖമായുള്ള സോപാനത്തിലാണ് പ്രധാന ചടങ്ങായ കളമെഴുത്തും പാട്ടും നടക്കുന്നത് . ആദ്യ ദിവസം കാളരാത്രി അമ്മയുടെയും തുടര്‍ന്ന് രണ്ടാം ദിവസം ക്ഷേത്ര പാലകനീശ്വരന്റെയും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളില്‍ കാളരാത്രിയമ്മയുടെയും ജീവസുറ്റ ഭാവങ്ങളാണ് പ്രതിഫലിക്കുക .ആദ്യ ദിനം പച്ച വര്‍ണ്ണത്തിലുള്ള കളവും അവസാന ദിവസം കാളരാത്രി അമ്മയുടെ പൂര്‍ണ്ണ രൂപത്തോട് കൂടിയുള്ള നാല് കൈകളുള്ള മഞ്ഞവര്‍ണ്ണത്തിലുള്ള ഭദ്രകാളി (ദാരിക വധം) രൂപവുമാണ് വരക്കുന്നത്.
പ്രകൃതിദത്തമായ പഞ്ചവര്‍ണ്ണങ്ങളാണ് കളം വരയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. വെളുത്ത പൊടിയായി അരിപ്പൊടിയും , മഞ്ഞക്ക് മഞ്ഞള്‍പ്പൊടിയും , കറുപ്പിനായി കരിപ്പൊടി അഥവാ ഉമിക്കരിയും, നൂറും മഞ്ഞളും ചേര്‍ത്ത മിശ്രിതം തിരുമ്മിയെടുത്ത് ചുവപ്പായും , പച്ചക്കായി വാഗമരത്തിന്റെ പച്ച ഇല പൊടിച്ചെടുത്തതും വര്‍ണ്ണങ്ങളായി ഉപയോഗിക്കുന്നു. ഈ അഞ്ചു വര്‍ണ്ണങ്ങള്‍ പഞ്ചലോഹങ്ങളെ സൂചിപ്പിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. കാളരാത്രിയമ്മയുടെയും ക്ഷേത്രപാലകനീശ്വരന്റെയും രൂപങ്ങള്‍ വരയ്ക്കാന്‍ ഏകദേശം ഒന്നര മണിക്കൂറിനടുത്തു സമയം വേണ്ടിവരും.
നാല് ദിവസങ്ങളിലായി ക്ഷേത്രപാലകന്‍ കാളരാത്രി എന്നിവയുടെ രൂപത്തിന് പുറമെ നാഗരാജാവിന്റെയും നാഗേശ്വരി ദേവിയുടെയും രൂപവും അവസാന ദിവസം വരയ്ക്കും. ശേഷം ദേവീ ദേവന്മാരെ സ്തുതിച്ച് കൊണ്ട് പാട്ടും,കളം പൂജയും നാഗ തോറ്റവും നടത്തും . ഏറെ അനുഷ്ഠാന സമ്പുഷ്ടമാണ് ഈ കളമെഴുത്ത് ചടങ്ങുകള്‍. കളം വരയും പാട്ടും നാഗ തോറ്റവും ഒരു ഉപാസന പോലെ കൊണ്ട് നടക്കുന്ന പാരമ്പര്യ കലാകാരായ കണ്ണൂര്‍ ഇരിട്ടി പുന്നാട് കെ.വി. പ്രകാശന്‍, രഞ്ജിത്ത് മാഷ്, കെ.വി.ഷാജിയും തങ്ങളുടെ കലാസപര്യയെ ഭക്തിയുടെയും ആനന്ദത്തിന്റെയും ഉദാത്ത മാതൃകകളാക്കി മാറ്റാനും ശ്രദ്ധിക്കുന്നു. ഉദിനൂര്‍ കൂലോം , ചെറുവത്തൂര്‍, ബന്തടുക്ക, കാനത്തൂര്‍, ഉമ്പ്രങ്ങള, ചന്ദ്രഗിരിധര്‍മ്മ ശാസ്താ ക്ഷേത്രം, മധൂര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ കണ്ണൂര്‍ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിലും കളമെഴുത്ത് നടത്തുന്നതും ഇവരാണ്.




