ദേശീയ പരിസ്ഥിതി സമ്മേളനം; സെമിനാര്‍ നടത്തി

കാസര്‍കോട് : പരിസ്ഥിതി സംരക്ഷണത്തില്‍ കാലത്തിനനുസരിച്ച് പുതിയ
സാധ്യതകളെ കണ്ടെത്താന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പറഞ്ഞു. ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിത കേരള മിഷന്‍ നേതൃത്വത്തില്‍ കഴിഞ്ഞ 10 വര്‍ഷങ്ങളിലായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷയായി. എഡിഎം പി. അഖില്‍ മുഖ്യാതിഥിയായി. തദ്ദേശ സ്ഥാപന അധ്യക്ഷരായ മുഹമ്മദ് റാഫി, കെ. സുജാത, സി.എം. മീനാകുമാരി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സി. ബാലന്‍, ബിന്ദു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങളുടെ 10 വര്‍ഷങ്ങള്‍, പരിസ്ഥിതി പുനഃസ്ഥാപനം ഭാവി പരിപ്രേക്ഷ്യം എന്നീ വിഷയങ്ങളില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ജി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഹരിതകര്‍മസേന, ക്വിസ് മത്സര വിജയികള്‍ക്കും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ഉപന്യാസരചനാ വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. കാര്‍ബണ്‍ നെഗറ്റീവ് പദവി ലഭിച്ച 15 സ്ഥാപനങ്ങള്‍ക്കുള്ള സാക്ഷ്യപത്രവും വിതരണം ചെയ്തു.

15 സ്ഥാപനങ്ങള്‍ക്ക് ‘കാര്‍ബണ്‍ നെഗറ്റീവ്’ പദവി

കാസര്‍കോട് : കാലാവസ്ഥാവ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍
സംസ്ഥാനത്തിന് മാതൃകയാകുകയാണ് കാസര്‍കോട്. ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള 15 പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ‘കാര്‍ബണ്‍ നെഗറ്റീവ്’ പദവി കൈവരിച്ചു.

അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിനേക്കാള്‍ കൂടുതല്‍ ആഗിരണം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് ഈ സ്ഥാപനങ്ങള്‍ നേട്ടം സ്വന്തമാക്കിയത്.
ബേഡഡുക്ക പഞ്ചായത്തിലെ ജിഎല്‍പിഎസ് താരന്തട്ടടുക്ക, ജിഎല്‍പിഎസ് കൊളത്തൂര്‍ ഒന്ന്, വില്ലേജ് ഓഫീസ് മുന്നാട്, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ബേഡഡുക്ക, ജിഎല്‍പിഎസ് വാവടുക്കം, ടാഷ്‌കോ സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റ് ഓഫിസ് എന്നിവയും മുളിയാര്‍ പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനിയര്‍ ഓഫീസ്, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റ് ഓഫീസ്, കൃഷി ഭവന്‍, വെറ്ററിനറി ഡിസ്‌പെന്‍സറി, ഹരിപുരം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി (പുല്ലൂര്‍-പെരിയ), പിലിക്കോട് കൃഷി ഭവന്‍, മലപ്പച്ചേരി ജിഎല്‍പിഎസ് (മടിക്കൈ), ചാമക്കുഴി കൂവാറ്റി ജിയുപിഎസ് (കിനാനൂര്‍-കരിന്തളം), പെരിയങ്ങാനം ജിഎല്‍പിഎസ് (കിനാനൂര്‍-കരിന്തളം) എന്നീ സ്ഥാപനങ്ങളാണ് കാര്‍ബണ്‍ നെഗറ്റീവ് പദവിക്ക് അര്‍ഹമായത്.

Scroll to Top