കാസര്‍കോട് കുമ്പളയില്‍ അഭിഭാഷകയുടെ വീട്ടില്‍ നിന്നും 29 പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കര്‍ണ്ണാടക സ്വദേശിയും കാസര്‍കോട് വാടക വീട്ടില്‍ താമസക്കാരനുമായ ഇബ്രാഹിം എന്ന കലന്തര്‍ ഇബ്രാഹിമിനെയാണ് കര്‍ണാടകയില്‍ നിന്ന് പിടികൂടിയത്. അഡ്യനടുക്കയിലെ ബാങ്കില്‍ നിന്നും 2 കിലോ സ്വര്‍ണം കവര്‍ന്ന കേസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ കലന്തര്‍ ഇബ്രാഹിം..
കുമ്പള നായ്ക്കാപ്പ് സ്വദേശിയും കാസര്‍കോട് ബാറിലെ അഭിഭാഷകയുമായ ചൈത്രയുടെ വീട്ടില്‍ ഞായറാഴ്ച്ചയാണ് കവര്‍ച്ച നടന്നത്. 29 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും, വെള്ളി ആഭരണങ്ങളും പണവുമാണ് ഇവിടെ നിന്നും കവര്‍ച്ച പോയത്..കാസര്‍കോടിനെ തന്നെ നടുക്കിയ വന്‍ കവര്‍ച്ചയില്‍ പോലീസ് പഴുതുകളടച്ച് നടത്തിയ അന്വേഷണത്തിലാണ് കര്‍ണ്ണാടക സ്വദേശിയും കാസര്‍കോട് വാടക വീട്ടില്‍ താമസക്കാരനുമായ ഇബ്രാഹിം എന്ന കലന്തര്‍ ഇബ്രാഹിമിനെ പിടികൂടിയത്. പ്രതി കര്‍ണാടകയിലുണ്ടെന്ന് മനസിലാക്കിയ പോലീസ് ഇവിടെയെത്തിയാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ടി കെ മുകുന്ദന്‍, എസ്ഐകെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കലന്തര്‍ ഇബ്രാഹിമിനെ പിടികൂടിയത്.
അഡ്യനടുക്ക ബാങ്കില്‍ നിന്നു 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും കൊള്ളയടിച്ചതുള്‍പ്പടെ 25 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ കലന്തര്‍ ഇബ്രാഹിം. ഞായറാഴ്ച്ച വൈകുന്നേരം ആറിനും രാത്രി എട്ടുമണിക്കും ഇടയിലാണ് ചൈത്രയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ചൈത്രയും കുടുംബവും ഉത്സവം കാണാന്‍ പോയ സമയത്ത് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്ന് അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണ_ വെള്ളി ആഭരണങ്ങളും പണവും കവര്‍ന്നത്. നായ്ക്കാപ്പിലും പരിസരത്തുമുള്ള നിരവധി സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണ സംഘം കവര്‍ച്ച നടത്തിയത് കലന്തര്‍ ഇബ്രാഹിമാണെന്ന് തിരിച്ചറിഞ്ഞത്. ഒരാള്‍ അലക്ഷ്യമായി ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. വീട്ടില്‍ നിന്നു ലഭിച്ച വിരലടയാളങ്ങളും
പ്രതിയെ തിരിച്ചറിയാന്‍ നിര്‍ണ്ണായകമായി. കവര്‍ച്ച നടന്ന് വെറും അഞ്ച് ദിവസത്തിനകമാണ് സമീപകാലത്ത് കാസര്‍കോട് ജില്ലയില്‍ നടന്ന എറ്റവും വലിയ ഈ കവര്‍ച്ചാ കേസിലെ പ്രതിയെ പിടികൂടുവാന്‍ പോലീസിനായത്. ഇത് പൊലീസിന് അഭിമാന നേട്ടമായി മാറി.പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ്
2024 ഫെബ്രുവരി ഏഴിന് എന്‍മകജെ, പെര്‍ളയില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയില്‍ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് പ്രതിയായ ഇബ്രാഹിം കലന്തറെന്ന് തിരിച്ചറിഞ്ഞത്… ഇയാളെയും സുള്ള്യ കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബെളി റഫീഖ്, പൈവളിഗെ ബായാറില ദയാനന്ദ എന്നിവരെയും അന്ന് പൊലീസ് സാഹസികമായി പിടികൂടിയിരുന്നു. സംഭവ ദിവസം രാത്രി സ്വിഫ്റ്റ് കാറില്‍ എത്തിയ കൊള്ള സംഘം അഡ്യനടുക്ക ബാങ്കിന്റെ പിന്‍വശത്തുള്ള ജനലിന്റെ ഇരുമ്പു കമ്പി മുറിച്ച് അകത്ത് കടന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചത്. അന്ന് സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്… ഇപ്പോള്‍ പിടിയിലായിരിക്കുന്ന കലന്തര്‍ ഇബ്രാഹിമിനെ ചോദ്യം ചെയ്യുന്നതിലൂടെ മറ്റു നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പുണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.




