പെരുമ്പള: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്രാമത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ പെരുമ്പള ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള കെട്ടിടത്തിന് നേരെ സിപിഐ യുടെ പ്രതികാര നടപടിയെന്ന് പരാതി. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ പെരുമ്പളയില്‍ സിപിഐ മാത്രമാണ് വിജയിച്ചു പോന്നിരുന്നത്. എന്നാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പെരുമ്പളയില്‍ യു ഡി എഫ് ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് പെരുമ്പള ജമാഅത് കമ്മിറ്റിയുടെ അധീനതയില്‍ ഉള്ള സ്ഥാപനത്തിന് ഭരണ സ്വാധീനം ഉപയോഗിച്ച് റോഡ് കയ്യേറ്റം എന്നും പറഞ്ഞു നോട്ടീസ് പതിപ്പിച്ചതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
പള്ളിയുടെ കൈവശമുള്ള നാലര സെന്റ് ഭൂമിയില്‍ ഇരു മുറി സ്ഥാപനത്തിന്റെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ അന്നത്തെ വാര്‍ഡ് മെമ്പര്‍ പെരുമ്പളയിലെ സംസ്ഥാന, ജില്ലാ സിപിഐ നേതാക്കളുടെ ഒത്താശയോടെ പരാതി നല്‍കി പല വിധത്തിലും തടസ്സപ്പെടുത്തിയെങ്കിലും കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുമായി ജമാഅത് കമ്മിറ്റി പ്രതിരോധിക്കുകയായിരുന്നുവെത്ര. സ്ഥാപനത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നത് വരെ പല വിധത്തിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു.
സിപിഐ ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനം വോട്ടിലൂടെ മറുപടി നല്‍കിയപ്പോള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഭരണ സ്വാധീനം ഉപയോഗിച്ച് റീ സര്‍വേയുടെ പേരും പറഞ്ഞു വീണ്ടും നോട്ടീസ് പതിപ്പിക്കുകയും അതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുന്ന സമയത്ത് ജനുവരി 25 ഞായര്‍ 26 പൊതു അവധി മുന്നില്‍ കണ്ട് ജനുവരി 27 ചൊവ്വാഴ്ച പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് കൊണ്ട് ഇന്നലെ ശനിയാഴ്ച വീണ്ടും നോട്ടീസ് പതിപ്പിക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്. കോടതിയില്‍ നിന്ന് വീണ്ടും ജമാഅത് കമ്മിറ്റിക്ക് അനുകൂല വിധിവരും എന്ന ഭയത്തില്‍ അവധി ദിവസങ്ങള്‍ മുന്നില്‍ കണ്ട് വളരെ ആസൂത്രിതമായി സിപിഐ യും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന ഇത്തരം നടപടിക്കെതിരെ പ്രതിഷേധമുണ്ട്.




