കാസര്‍കോട്: തെരുവുനായ്ക്കളുടെയും പന്നികളുടേയും ശല്യം ജില്ലയിലെ കുമ്പള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തുടര്‍ക്കഥയാവുകയും ഇഴജന്തുക്കളെയും ഭയന്ന് കഴിയുന്നതിനുമിടയില്‍ മൊഗ്രാല്‍-പേരാലില്‍ അഞ്ച് പെരുമ്പാമ്പുകളെ പിടികൂടിയത് താല്‍ക്കാലിക ആശ്വാസമായി. ബസ് സ്റ്റോപ്പിനടുത്തും വിദ്യാര്‍ഥികള്‍ കാല്‍നടയായി പോകുന്ന ഇടങ്ങളിലുമെല്ലാമുള്ള പാമ്പുകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്നു.
സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ കാടുകളാണ് ഇഴജന്തുക്കളുടെ താവളങ്ങള്‍. ഇവിടെനിന്നാണ് ഇഴജന്തുക്കള്‍ ബസ് സ്റ്റോപ്പിലും റോഡിലേക്കും എത്തിയിരുന്നത്. രാവിലെ സ്‌കൂളിലേക്കും മദ്‌റസയിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഭീഷണിയായിരുന്നു.
പേരാല്‍ ജി.ജെ.ബി.എസ് സ്‌കൂള്‍ മുന്‍ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പേരാല്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം ലഭിച്ച ആമീന്‍ സര്‍പ്പ അടുക്കത്ത്ബയലിന്റെ നേതൃത്വത്തിലുള്ള പാമ്പുപിടിത്ത സംഘം പേരാലില്‍ എത്തുകയും വലിയ അഞ്ച് പെരുമ്പാമ്പുകളെ പിടികൂടുകയും ചെയ്തതാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
കുമ്പളയില്‍ ഇഴജന്തുക്കളുടെ വിളയാട്ടം; അഞ്ച് പെരുമ്പാമ്പുകളെ പിടികൂടി; താല്‍ക്കാലിക ആശ്വാസം




