മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് വിമാന അപകടത്തില്‍ ദാരുണാന്ത്യം

ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം

മുംബൈ: ബാരാമതിയിലുണ്ടായ വിമാന അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ അന്തരിച്ചു. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അപകടത്തില്‍ അജിത് പവാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അജിത് പവാര്‍ ഉള്‍പ്പെടെ ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

2024 ഡിസംബര്‍ 5 മുതല്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിര്‍ന്ന എന്‍സിപി നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയില്‍1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷന്‍ സൊസൈറ്റി ഹൈസ്‌കൂളില്‍ നിന്ന് നേടിയ എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടര്‍പഠനത്തിനായി കോളേജില്‍ പോയെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല.

1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് മന്ത്രിയായി.

2010ലെ അശോക് ചവാന്‍ മന്ത്രിസഭയില്‍ ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭകളില്‍ വീണ്ടും ഉപ മുഖ്യമന്ത്രിയായി.

Scroll to Top