വന്‍ മദ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരന്‍ കര്‍ണാടകയില്‍ എക്‌സൈസിന്റെ പിടിയില്‍

വന്‍ മദ്യക്കടത്ത് കേസിലെ പ്രധാന സൂത്രധാരന്‍ കര്‍ണാടകയില്‍ എക്‌സൈസിന്റെ പിടിയില്‍

കുമ്പള: കേരളത്തിലേക്ക് വന്‍തോതില്‍ ഗോവന്‍ മദ്യം കടത്തുന്ന സംഘത്തിലെ പ്രധാന സൂത്രധാരനെ കുമ്പള എക്‌സൈസ് കര്‍ണാടകയിലെ ഹൊന്നാവറില്‍ നിന്നും സാഹസികമായി പിടികൂടി. 2023-ല്‍ മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ 2484 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടിയ കേസിലെ (ക്രൈം നമ്പര്‍ 90/2023) പ്രധാന പ്രതിയായ കര്‍ണാടക കാര്‍വാര്‍ സ്വദേശി രാധാകൃഷ്ണ എസ്. കമ്മത്ത് (61) ആണ് അറസ്റ്റിലായത്.
കാസര്‍ഗോഡ് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ദീര്‍ഘനാളായി ഒളിവിലായിരുന്നു. എക്‌സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവില്‍ ഹൊന്നാവര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇന്‍സ്‌പെക്ടര്‍ ശ്രാവണ്‍ കെ.വിയും സംഘവും പ്രതിയെ വീടിനു മുന്നില്‍ വെച്ച് പിടികൂടിയത്. ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതില്‍ മുഖ്യ കണ്ണിയാണ് ഇയാള്‍.
വൈകീട്ട് കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-I മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 11 വരെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മനാസ് കെ.വി, ജിജിന്‍ എം.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖിലേഷ് എം.എം, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ പി എന്നിവരും ഉണ്ടായിരുന്നു.

Scroll to Top