-മൊഗ്രാല്‍ ദേശീയവേദി.
കുമ്പള.ദേശീയപാത ആരിക്കാടിയിലെ അന്യായ ടോള്‍ഗേറ്റ് പിരിവ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇടയ്ക്കിടെ പിരിവ് നടത്താനും,മനപ്പൂര്‍വ്വം കുഴപ്പമുണ്ടാക്കിക്കാനും ടോള്‍ഗേറ്റ് ജീവനക്കാരും, കുമ്പള പോലീസും നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാ ണെന്നും,ടോള്‍ പിരിവില്‍ പോലീസിന്റെ റോളും,അമിത താല്പര്യവും അന്വേഷണ വിധേയമാക്കണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം ടോള്‍ഗേറ്റില്‍ പോലീസ് കാട്ടിക്കൂട്ടിയ അതിക്രമങ്ങളും, കുടുംബസമേതം സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനോടുള്ള മോശമായ പെരുമാറ്റവും സംസ്ഥാന ഡിജിപിക്ക് തെളിവ് സഹിതം പരാതി നല്‍കാനും ദേശീയവേദി യോഗം തീരുമാനിച്ചതായി പ്രസിഡണ്ടി എ എം സിദ്ദിഖ് റഹ്‌മാന്‍,ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് എന്നിവര്‍ അറിയിച്ചു.
ആരിക്കാടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ഗേറ്റില്‍ യാത്രക്കാരോട് പോലീസ് നടത്തിയ ക്രൂരമായ ആക്രമണം ജനാധിപത്യ മൂല്യങ്ങളോടും, നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.ആക്രമണം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു.
ടോള്‍ പിരിവിന്റെ മറവില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് സെക്രട്ടറി ഷാനിഫ് മൊഗ്രാല്‍ കുറ്റപ്പെടുത്തി. കുട്ടികള്‍ക്കും, കുടുംബാംഗങ്ങള്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന കുടുംബനാഥനെ കാറില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയ പോലീസ് നടപടി പോലീസിന്റെ ഗുണ്ടായിസമാണെന്നും ഷാനിഫ് മൊഗ്രാല്‍ ആരോപിച്ചു.
അതിനിടെ ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് വൈകുന്നേരം കുമ്പള പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ യുഡിഎഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.
ഫോട്ടോ:ടോള്‍ഗേറ്റില്‍ കഴിഞ്ഞദിവസം കുമ്പള പോലീസ് യാത്രക്കാരനോട് കാണിച്ച ക്രൂരതയുടെ ചിത്രങ്ങള്‍.




