കായികപഠനത്തിന് ഊന്നല്‍ മഞ്ചേശ്വരം ബി.ആര്‍.സിയില്‍ കളിയങ്കണം അധ്യാപകര്‍ക്ക് ശില്പശാല
മഞ്ചേശ്വരം :സമഗ്ര ശിക്ഷാ കേരള 2025-26 സ്റ്റാര്‍സ് SIG കളിയങ്കണം (കിഡ്‌സ് അറ്റ്‌ലറ്റിക്‌സ്) പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കായുള്ള ദ്വിദിന നോണ്‍-റെസിഡന്‍ഷ്യല്‍ ശില്പശാല മഞ്ചേശ്വരം ബി ആര്‍ സി യുടെ ആഭിമുഖ്യത്തില്‍ ജനുവരി 30, 31 തീയതികളില്‍ സംഘടിപ്പിച്ചു. കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ അംഗീകൃത പ്രീ-പ്രൈമറി, പ്രൈമറി വിദ്യാലയങ്ങളില്‍ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ച് വിതരണം ചെയ്ത സ്‌പോര്‍ട്‌സ് കിറ്റിലെ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് ശില്പശാലയിലൂടെ അധ്യാപകര്‍ക്ക് നല്‍കിയത്.
കളിയങ്കണം ശില്പശാലയുടെ ഉദ്ഘാടനം ജനുവരി 30-ന് രാവിലെ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഗോള്‍ഡന്‍ അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. ബഹുമാനപ്പെട്ട മഞ്ചേശ്വരം ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ ചടങ്ങില്‍ സമഗ്ര ശിക്ഷാ കേരള കാസര്‍ഗോഡ് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് പദ്ധതി വിശദീകരണം നടത്തി. മഞ്ചേശ്വരം ബി ആര്‍ സി ട്രെയിനര്‍ സുമയ്യ എം.എ. സ്വാഗതവും ശ്യാമള എം നന്ദിയും രേഖപ്പെടുത്തി.
കായിക പരിശീലനം കുട്ടികളില്‍ ശാരീരികവും മാനസികവും ബൗദ്ധികവുമായ സമഗ്ര വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതോടൊപ്പം അച്ചടക്കവും മൂല്യബോധവും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് ഉദ്ഘാടകന്‍ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
അറുപതോളം അധ്യാപകര്‍ പങ്കെടുത്ത പരിശീലന പരിപാടി ജി.എല്‍.പി.എസ് മൊളിഞ്ച ഹെഡ്മിസ്ട്രസ് ചിത്രാവതി, ജി.ഡബ്ല്യു.എല്‍.പി.എസ് പ്രീ-പ്രൈമറി അധ്യാപിക ആയിഷത്ത് സയ്യിദ, ബി ആര്‍ സി സ്‌പെഷ്യല്‍ അധ്യാപകരായ ഗോപി, മൊയ്തു കുഞ്ഞി എന്നിവര്‍ ചേര്‍ന്ന് നയിച്ചു. കായിക പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ പരിശീലനത്തില്‍ അധ്യാപകര്‍ മുഴുവന്‍ സജീവമായി പങ്കെടുത്തു.
കായികപഠനത്തിന് ഊന്നല്‍ മഞ്ചേശ്വരം ബി.ആര്‍.സിയില്‍ കളിയങ്കണം അധ്യാപകര്‍ക്ക് ശില്പശാല




