പെരിയാട്ടടുക്കം കേന്ദ്ര ബജറ്റില്‍ 29 ആവശ്യങ്ങളുന്നയിച്ച കേരളത്തിനു കിട്ടിയത് ആമ മുട്ട മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് വിവിധയിടങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റില്‍ എത്ര തഴഞ്ഞാലും കേരളം ലോകത്തിന് മുന്നില്‍ തന്നെ വളരുന്ന സംസ്ഥാനമായി മാറും. ശബരിമലയില്‍ സ്വര്‍ണപ്പാളി വിഷയത്തില്‍ തെറ്റ് ചെയ്തവര്‍ ആരും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി സെക്രട്ടറി കെ. രാജ്‌മോഹന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ്ചന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍, സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ, പി.കരുണാകരന്‍, സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു, കെ.വി.കൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം. രാജന്‍, ഒക്ലാവ് കൃഷ്ണന്‍, പി.കെ. നിഷാന്ത്, ഷാലു മാത്യു, പി.അപ്പുക്കുട്ടന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി.രാജു, സുരേഷ് പുതിയടത്ത്, ഉദിനൂര്‍ സുകുമാരന്‍, രതീഷ് പുതിയപുരയില്‍, വി.വി.കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കാലിക്കടവ് ജംക്ഷനില്‍ നിന്നു ജാഥയെ പൊതുസമ്മേളന നഗരിയിലേക്കു സ്വീകരിച്ചു. യോഗത്തില്‍ വി.വി.കൃഷ്ണന്‍ അധ്യക്ഷനായി.
ജാഥാ അംഗങ്ങളായ കെ.എസ്.സലീഖ, പി.സന്തോഷ് കുമാര്‍ എംപി, മാത്യു കുന്നപ്പള്ളി, പി.പി.ദിവാകരന്‍, പി.എം.സുരേഷ് ബാബു, മനയത്ത് ചന്ദ്രന്‍, ബാബു ഗോപിനാഥ്, വടകോട് മോനച്ചന്‍, അഡ്വ.എ.ജെ.ജോസഫ്, കാസിം ഇരിക്കൂര്‍, അഡ്വ. നൈസ് മാത്യു, കെ.പി.സതീഷ് ചന്ദ്രന്‍, ബാബു ഏബ്രഹാം, ഇ.കുഞ്ഞിരാമന്‍, പി.ജനാര്‍ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിച്ച ജാഥയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി നേതാക്കള്‍ ജില്ലാ അതിര്‍ത്തിയില്‍ സ്വീകരിച്ചു.
കാസര്‍കോടിന്റെ വികസനം ചര്‍ച്ചയായി രാവിലെ 8.30ന് പൗരപ്രമുഖരും വിവിധ മേഖലയില്‍നിന്നുള്ളവരുമായ കാസര്‍കോട്ടുകാരെ എം.വി.ഗോവിന്ദന്‍ നേരില്‍ക്കണ്ട് കാസര്‍കോടിന്റെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പല മേഖലകളില്‍നിന്നുള്ളവരും ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതായിരുന്നു ഇന്നലെ ജില്ലയിലെ ആദ്യ പരിപാടി. 9.30 വരെ ചര്‍ച്ച നീണ്ടു. ഇതിനു ശേഷമാണ് എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത്. തുടര്‍ന്ന് ജാഥ പെരിയാട്ടടുക്കത്തേക്കു നീങ്ങി.
ചര്‍ച്ചയില്‍ കാസര്‍കോട്ടെ വിവിധ വികസന വിഷയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്ന് എം.വി. ഗോവിന്ദന്‍ അറിയിച്ചു. ജനങ്ങളോടുള്ള ചര്‍ച്ചയില്‍ എല്ലാവരും സര്‍ക്കാരിന് ഒപ്പമാണെന്നാണ് വ്യക്തമാകുന്നത്. ഭരണവിരുദ്ധ വികാരമായിരുന്നു യുഡിഎഫിന്റെ അവസാന പിടിവള്ളി. അതും ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. സീറ്റ് വിഭജനത്തെ കുറച്ചു ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് പോലെ അല്ല, എല്‍ഡിഎഫിനു സ്ഥാനാര്‍ഥി നിര്‍ണയത്തിന് അത്ര സമയം വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.




