പെണ്ണുറപ്പില്‍ ‘ഉയരെ’; പ്രതിരോധത്തിന്റെ പെരുമ്പറ മുഴക്കി രംഗശ്രീ കലജാഥയ്ക്ക് സമാപനം

പെണ്ണുറപ്പില്‍ ‘ഉയരെ’; പ്രതിരോധത്തിന്റെ പെരുമ്പറ മുഴക്കി രംഗശ്രീ കലജാഥയ്ക്ക് സമാപനം

പിലിക്കോട് : ലിംഗവിവേചനത്തിനെതിരെയുള്ള പെണ്‍കരുത്തിന്റെ മുഴക്കമായി മാറിയ ‘ഉയരെ’ ജെന്‍ഡര്‍ കലാജാഥയ്ക്ക് പിലിക്കോട് മണ്ണില്‍ ആവേശകരമായ സമാപനം. കുടുംബശ്രീ സംസ്ഥാന മിഷന്റെ ‘നയി ചേതന 4.0’ ക്യാമ്പയിന്റെ ഭാഗമായി രംഗശ്രീയിലെ കലാകാരികള്‍ തെക്കന്‍ അതിര്‍ത്തിയില്‍ നിന്ന് വടക്കേ അറ്റത്തേക്ക് നടത്തിയ ഈ സാംസ്‌കാരിക പര്യടനം കേവലമൊരു കലാപ്രകടനം മാത്രമായിരുന്നില്ല. മറിച്ച് തുല്യതയ്ക്കായുള്ള സ്ത്രീസമൂഹത്തിന്റെ ഉറച്ച പ്രഖ്യാപനമായിരുന്നു.

കാസര്‍ഗോഡ് പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ നടന്ന സമാപന സമ്മേളനം ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദന്‍ ഉദ്ഘാടനം ചെയ്തു. അവിശ്വാസങ്ങള്‍ നിറഞ്ഞ പുതിയ കാലത്ത് മനുഷ്യന്‍ ജാഗ്രതയോടെ ഇരിക്കണമെന്നും കലയിലൂടെ മാത്രമേ മനുഷ്യഹൃദയങ്ങളെ മാറ്റത്തിന് സജ്ജമാക്കാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാധ്യതകളിലേക്കുള്ള വെളിച്ചമാണ് ഇത്തരം കലാജാഥകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ ശാരീരികമായും മാനസികമായും ശക്തരാണ്. പക്ഷേ, നമ്മുടെ കഴിവുകള്‍ നാം തന്നെ തിരിച്ചറിയണം. പറയേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് ഉറക്കെ പറയാന്‍ സ്ത്രീകള്‍ ശീലിക്കണമെന്നും വിശ്ഷ്ടാഥിതിയായി പങ്കെടുത്ത
സ്‌നേഹ ശ്രീകുമാര്‍ പറഞ്ഞു.

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നീണ്ട പര്യടനത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങളും അവര്‍ നേരിടുന്ന വിവേചനങ്ങളും രംഗശ്രീ കലാകാരികള്‍ അവതരിപ്പിച്ചു. പിലിക്കോട്ടെ സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകളാണ് അണിനിരന്നത്.

പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു. ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, ചലച്ചിത്ര താരം ഉണ്ണിരാജ് ചെറുവത്തൂര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി ചന്ദ്രമതി , പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം കെ ഹരിദാസ് , എന്‍. രവീന്ദ്രന്‍, ഹേമാംബിക,മെമ്പര്‍ വി എം കുമാരന്‍ , അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡി ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എസ് മനു തുടങ്ങിയവര്‍ സംസാരിച്ചു .

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ നന്ദിയും പറഞ്ഞു

ജില്ലയിലെ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരെയും തങ്ങളുടെ കലയിലൂടെ ജാഗ്രതയുടെ സന്ദേശം പടര്‍ത്തിയ രംഗശ്രീ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.

നീതി നിഷേധിക്കപ്പെടുന്ന ഇടങ്ങളില്‍ കലയെ പ്രതിരോധത്തിന്റെ മാധ്യമമാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന കുടുംബശ്രീ അംഗങ്ങളിലൂടെ സമൂഹത്തിന്റെ അടിത്തട്ടില്‍ ലിംഗനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ‘നയി ചേതന 4.0’ ക്യാമ്പയിനെ സംസ്ഥാന മിഷന്‍ കാണുന്നത്.

Scroll to Top