സുരക്ഷാസംവിധാനമില്ലാതെ മഞ്ചേശ്വരം ബീച്ച്

മഞ്ചേശ്വരം : മഞ്ചേശ്വരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ
കുണ്ടുകുളുക്കെ ബീച്ചില്‍ മതിയായ സുരക്ഷാസംവിധാനമില്ല. ദിനംപ്രതി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടല്‍ ആസ്വദിക്കുന്നതിനും ഉല്ലാസത്തിനുമായി ഇവിടെ എത്തിച്ചേരുന്നത്. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍നിന്നുമെല്ലാം അവധിയാഘോഷത്തിനും വിനോദത്തിനുമായി ആളുകള്‍ എത്തുന്നുണ്ട്. മതിയായ സുരക്ഷാസംവിധാനമില്ലാത്തത് ഇവിടെയെത്തുന്നവര്‍ക്ക് വെല്ലുവിളിയാകുന്നു.

സമീപത്തുതന്നെ ഒരു സ്വകാര്യ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടെയെത്തുന്നവര്‍ ബീച്ചിലും സമയം ചെലവഴിക്കാനായി എത്തുന്നുണ്ട്. വൈകുന്നേരങ്ങളില്‍ വലിയ തിരക്കാണ് ബീച്ചില്‍ അനുഭവപ്പെടുന്നത്. അവധിക്കാലങ്ങളില്‍ ബീച്ച് ഫെസ്റ്റ് ഉള്‍പ്പെടെ ഇവിടെ സംഘടിപ്പിക്കാറുണ്ട്. മുന്‍പ് ബീച്ചില്‍ കളിക്കുന്നതിനിടെ ഒരു കുട്ടി തിരമാലകളില്‍പ്പെടുകയും രക്ഷിക്കാനിറങ്ങിയ മാതാവും അപകടത്തില്‍പ്പെടുകയുണ്ടായി. ആള്‍ക്കാര്‍ നോക്കി നില്‍ക്കേ നാട്ടുകാരനായ യുവാവ് കടലിലിറങ്ങി രണ്ടുപേരേയും രക്ഷിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചിരുന്നു. ആഘോഷങ്ങള്‍ക്കായെത്തുന്നവര്‍ കുട്ടികളടക്കം സുരക്ഷയേതുമില്ലാതെ കടലിലിറങ്ങി കുളിക്കുന്നത് പതിവാണ്.

എന്നാല്‍, ഇവരെ നിയന്ത്രിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ സംവിധാനമില്ല. വലിയ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുന്നത്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളിച്ച് കടല്‍സുരക്ഷാ സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സും നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ മീന്‍പിടിത്ത മേഖലയില്‍ മാത്രമാണ് ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ആള്‍ത്തിരക്കേറുന്ന ബീച്ചിലുള്‍പ്പെടെ പരിശീലനം ലഭിച്ച ഗാര്‍ഡുകളെ നിയമിക്കണമെന്നാണ് വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടേയും നാട്ടുകാരുടേയും ആവശ്യം.

Scroll to Top