ആരിക്കാടി ടോള്‍ പ്ലാസ നിര്‍ത്തലാക്കിയത് ബിജെപിയുടെ ഇടപെടലിന്റെ ഫലം:എം.എല്‍.അശ്വിനി

കാസര്‍കോട്: ദേശീയപാതയിലെ തലപ്പാടി, ചെങ്കള റീച്ചില്‍ ആരിക്കാടി താല്‍ക്കാലിക ടോള്‍ പ്ലാസ റദ്ദ് ചെയ്തത് ബിജെ പി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണെന്ന് ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി വ്യക്തമാക്കി. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താല്‍ക്കാലിക ടോള്‍പ്ലാസ ആരിക്കാടിയില്‍ വരുമെന്ന് അറിഞ്ഞ സമയത്ത്, അടുത്തടുത്ത് രണ്ട് ടോള്‍ പ്ലാസ വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അത് സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ദേശീയപാത അതോററ്ററി ടോള്‍പിരിപിവുമായി മുന്നോട്ട് പോകുമെന്ന് നിര്‍ബന്ധം പിടിച്ചപ്പോഴും ബിജെപി എതിര്‍ക്കുകയായിരുന്നു. അതിനിടെയാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മഞ്ചേശ്വരം എംഎല്‍എ ആക്ഷന്‍ കമ്മറ്റി ഉണ്ടാക്കുകയും ലീഗ് നേതാവ് കോടതിയില്‍ പോയതും. അതിനെ തുടര്‍ന്നാണ് ടോള്‍ പ്ലാസ റദ്ദ് ചെയ്യാനുള്ള ഉത്തരവ് വൈകാന്‍ കാരണം. കോടതിയില്‍ ദേശീയ പാത അതോററ്ററി അനുകൂലമായ വിധി നേടുകയും ചെയ്തു. കേസ് ഫയല്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ നേരത്തെ ടോള്‍പ്ലാസ റദ്ദ് ചെയ്യപ്പെടുമായിരുന്നുവെന്ന് അശ്വിനി പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ ബിജെപിയുടെ ദേശീയ നേതൃത്വം വരെയുള്ളവര്‍ ഇടപ്പെട്ടതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ടോള്‍പ്ലാസ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. സമരം ചെയ്തോ, കേസ് കൊടുത്തോ അല്ല ഇവിടെ കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് മഞ്ചേശ്വരം എംഎല്‍എ സമരം ചെയ്തത്. സമരത്തില്‍ നിന്ന് അവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. പൊതുമുതല്‍ നശിപ്പിച്ച്, ജനങ്ങളെ പൊരിവെയിലത്തേക്ക് വലിച്ചിഴക്കുയും ചെയ്താണ് സമരം നടത്തിയത്. എംപിയും സിപിഎം നേതാവും സമരത്തേയും അക്രമത്തേയും എതിര്‍ത്ത് പറഞ്ഞപ്പോള്‍ തന്നെ എ.കെ.എം.അഷറഫ് എംഎല്‍എ നടത്തിയ സമരം കപടനാടകമാണെന്ന് ജനങ്ങള്‍തന്നെ തിരിച്ചറിഞ്ഞിരിക്കുകയാണ്. കേന്ദ്ര ഉപരതലഗതാഗതവകുപ്പ് മന്ത്രി നിഥിന്‍ഗഡ്ഗരിക്ക് 2025 മെയ് 20നാണ് ആദ്യമായി ബിജെപി നിവേദനം നല്‍കിയത്. പിന്നീട് 2025 സെപ്തംബര്‍ 9നും 2026 ജനുവരി 22ന് വീണ്ടും നിവേദനം നല്‍കി സത്യാവസ്ഥ ബോധ്യപ്പെടുത്തുകയായിരുന്നു. ബിജെപി നടത്തിയ നിശബ്ദ പ്രവര്‍ത്തനത്തിന്റെ വിജയാമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സര്‍വ്വകക്ഷി സമരസമിതി ഉണ്ടാക്കിയ കാര്യം അറിയില്ലെന്നും ബിജെപി ജനങ്ങളുടെ ഒപ്പം നിന്നാണ് കാര്യങ്ങള്‍ ചെയ്തതെന്നും അശ്വിനി വ്യക്തമാക്കി. മഞ്ചേശ്വരം മണ്ഡലത്തിലെ ഒരു വിഷയത്തെകുറിച്ച് പറയാന്‍ പോലും എംഎല്‍എ ഉണ്ടാകാറില്ല. മണ്ഡലത്തിലെ വികസന പ്രവൃത്തികള്‍ക്കൊന്നും അദ്ദേഹം മെനക്കെടാറില്ലെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശന്‍, ജനറല്‍ സെക്രട്ടറി പി.ആര്‍.സുനില്‍ കുമാര്‍, മീഡിയ കണ്‍വീനര്‍ വൈ.കൃഷ്ണദാസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

Scroll to Top